കുറഞ്ഞ വിലയിൽ വിൽപന: ‘വിപണി കീഴടക്കും, ഉപഭോക്താക്കള്‍ക്ക് നഷ്ടം’; മുന്നറിയിപ്പ്
Mail This Article
റിയാദ് ∙ ഉൽപന്നങ്ങളുടെ വില കൃത്രിമമായി കുറച്ച് വിപണിയിലെ മത്സരം തകർക്കാനുള്ള നീക്കത്തിനെതിരെ ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻസ് മുന്നറിയിപ്പ് നൽകി. ഈ രീതി വാണിജ്യ നിയമങ്ങൾ ലംഘിക്കുന്നതോടൊപ്പം ഉപഭോക്താക്കളെയും ബാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
വലിയ കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങളുടെ വില കുറച്ച് ചെറുകിട കമ്പനികളെ വിപണിയിൽ നിന്ന് പിന്തിരിപ്പിക്കുന്ന തന്ത്രമാണിത്. തുടക്കത്തിൽ വില കുറയ്ക്കുന്ന ഇത്തരം കമ്പനികൾ പിന്നീട് വില വർധിപ്പിച്ച് ലാഭം കൊയ്യും. ഇത് ഉപഭോക്താക്കൾക്ക് വലിയ പ്രതിസന്ധിയാകും.
ഈ രീതി മത്സരത്തെ ബാധിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് മികച്ച വിലയും ഉൽപന്നങ്ങളും ലഭിക്കാനുള്ള സാധ്യത കുറയും. അതോറിറ്റി ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. ഉപഭോക്താക്കൾ ഇത്തരം വിലക്കുറവുകൾ പ്രയോജനപ്പെടുത്തുന്നതിനു പകരം ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.