ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാര്‍ 90 ലക്ഷം കടന്നു; യുഎഇയോട് പ്രിയം
Mail This Article
ദുബായ് ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷം കടന്നു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇന്നലെ പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. ഉയർന്ന യോഗ്യതയുള്ള ഫിൻടെക്, ഹെൽത്ത്‌കെയർ, ഇൻഫർമേഷൻ ടെക്‌നോളജി, എൻജിനീയറിങ്, ബാങ്കിങ് തുടങ്ങി ക്ലീനർ, വീട്ടുജോലിക്കാർ, ഇലക്‌ട്രീഷ്യൻ തൊഴിലുകളിൽ വരെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
യുഎഇ ഏറ്റവും പ്രിയ ലക്ഷ്യസ്ഥാനം
ജിസിസിയിൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനം 3.55 ദശലക്ഷം ഇന്ത്യക്കാരുള്ള യുഎഇയാണ്. 2.64 ദശലക്ഷം ഇന്ത്യക്കാർക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയാണ് യുഎഇയെ പിന്തുടരുന്നത്. പാർലമെന്റിന്റെ അധോസഭയായ ലോക്‌സഭയിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
കുവൈത്തിൽ 10 ലക്ഷം ഇന്ത്യക്കാരുണ്ട്. ജിസിസിയിലെ മറ്റ് രാജ്യങ്ങളിൽ ഇന്ത്യക്കാരുള്ളത് ആറെണ്ണത്തിൽ മാത്രം. ഈ വർഷം ജൂൺ 30 വരെ 180,000 പേർക്ക് ഇന്ത്യ എമിഗ്രേഷൻ ക്ലിയറൻസ് അനുവദിച്ചു. പത്താം ക്ലാസിൽ താഴെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യക്കാർക്ക് സർക്കാരിൽ നിന്നുള്ള എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടതുണ്ട്. നഴ്‌സുമാർ പോലുള്ള ചില തൊഴിലുകൾക്കും വിദേശത്ത് ജോലി ഏറ്റെടുക്കാൻ അത്തരം ക്ലിയറൻസ് ആവശ്യമാണ്.