‘ഉടമ്പ് ആവതില്ലെ, ഊരുക്ക് പോകണം, യാർക്കിട്ടെ ചൊല്ലണം’; പ്രവാസിയുടെ ഹൃദയവേദനയ്ക്ക് പരിഹാരവുമായി മലയാളി
Mail This Article
ദമാം∙ എനക്ക് വയസ് 67 ആയാച്ച്, ഉടമ്പ് ആവതില്ലെ, ഊരുക്ക് തിരുമ്പി പോകണം ആനാൽ എങ്കെ.. യാർക്കിട്ടെ ചൊല്ലണം തെരിയാത്. 7 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ എന്തു ചെയ്യണമെന്ന് അറിയാത്ത പ്രയാസത്തിലായിരുന്നു തമിഴ്നാട്, തിരുച്ചിറപ്പള്ളി സ്വദേശി ഖാദർ ഹുസൈൻ ബാബാജാൻ. ഏറെ വർഷങ്ങൾക്കു മുൻപാണ് ഇദ്ദേഹം ജോലി തേടി അൽ കോബാറിലെ സ്വകാര്യകമ്പനിയുടെ പാർപ്പിട കോംപൗണ്ടിൽ ഒരു സാധാരണ തൊഴിലാളിയായി തുച്ഛശമ്പളത്തിൽ ജോലിക്കായി എത്തിയത്.
തുടക്കത്തിൽ ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. ഇതിനിടെ കമ്പനിയെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചു തുടങ്ങിയതോടെ ക്രമേണ ശമ്പളവും വൈകി തുടങ്ങി, ദിവസങ്ങളുടെ വ്യത്യാസങ്ങൾ ആഴ്ചകളിലേക്കും പല മാസങ്ങളിലേക്കുമായി മാറി പതുക്കെ അതും നിലച്ചു. ശമ്പളമെന്നത് വെറും പ്രതീക്ഷ മാത്രമായി മാറി.
കമ്പനി നടത്തിപ്പ് കുഴഞ്ഞുമറിഞ്ഞു തുടങ്ങിയതോടെ തൊഴിൽ രേഖയായ ഇഖാമയുമൊന്നും പുതുക്കാതെയുമായി. കമ്പനിയുടെ പ്രശ്നങ്ങളൊക്കെ മാറി വീണ്ടും നല്ലകാലം വരുമെന്ന് കരുതി പിന്നെയും അവിടെത്തന്നെ ആകാവുന്ന കൂലി പണികളുമായി തുടർന്നിട്ട് ഇതിനോടകം വർഷങ്ങൾ പലത് കഴിഞ്ഞിരുന്നു.
∙ ‘ആരോട് പറയണമെന്നറിയില്ല ഏങ്ങോട്ടു പോവണമെന്നറിയില്ല എന്തു ചെയ്യും’
കമ്പനിയുടെ സ്പോൺസർ ഇതിനിടയിൽ മരിച്ചതോടെ കാര്യങ്ങൾ ആകെ കുഴപ്പത്തിലുമായി. പ്രവർത്തനം നിലച്ച സ്വന്തം കമ്പനിയുടെ ഓഫിസോ മറ്റു കാര്യങ്ങളോ അറിയുകിയില്ലായിരുന്നു. ആകെ പരിചയം ഉണ്ടായിരുന്ന സൂപ്പർവൈസറൊക്കെ മറ്റ് തൊഴിൽ കണ്ടു പിടിച്ചു പോയതൊടെ കമ്പനിയുടെ ആരെ ബന്ധപ്പെടണമെന്നോ ഒന്നും തന്നെയും ഇദ്ദേഹത്തിന് യാതൊരു അറിവുമില്ലായിരുന്നു. ഇവിടെയും പരിസരവുമൊക്കെ മാത്രമായിരുന്നു ആകെ പരിചയമുള്ളത്. ജോലിയും താമസവുമെല്ലാം ഇവിടെ തന്നെയായതിനാൽ ദമാമിലൊ കോബാറിലോ യാത്ര ചെയ്തു പരിചയവുമില്ലായിരുന്നു.
6 വർഷമായി പുതുക്കാത്ത കാലാവധി കഴിഞ്ഞ ഇഖാമയുമായി പുറത്തേക്ക് പോകാനോ മറ്റുള്ളവരുടെ സഹായം തേടി ഇറങ്ങാനോ കഴിയാത്ത അവസ്ഥയായിരുന്നു. കോംപൗണ്ടിലും സമീപത്തുളള വീടുകളിലും മറ്റും ക്ലീനിങ് പണികളും ആകാവുന്ന പണികളു മൊക്കെ ചെയ്തായിരുന്നു അന്നന്നത്തെ അന്നത്തിനുളള വക കൂലിയായി കണ്ടെത്തിയിരുന്നത്. ഇഖാമ കാലാവധി കഴിഞ്ഞതിനാൽ നിയമപാലകരോ തൊഴിൽവകുപ്പ് അധികൃതരോ പരിശോധിച്ചാൽ പിടിക്കപ്പെടുമെന്നുമൊക്കെ ഭയപ്പാടോടുകൂടിയാണ് ചെറുപണികൾ ചെയ്യാൻ പോയിരുന്നത്.
ഇടയ്ക്ക ഒരു ദിവസം തൊഴിൽനിയമ കാര്യവകുപ്പും ബലദിയയുമൊക്കെ വില്ല കോംപൌണ്ടിൽ പരിശോധന നടത്താനെത്തി. നിയമാനുസരണമല്ലാതെ അനധികൃതമായ അവിടം പരിപൂർണ്ണമായി പൂട്ടി പ്രവർത്തനം നിർത്തിവെപ്പിച്ചു. നേരത്തെ മുതൽക്കെ ഏറക്കുറെ കാലിയായിരുന്ന അവിടയെുണ്ടായിരുന്ന ബാക്കിയുള്ളവരും അതോടെ മറ്റിടങ്ങളിലേക്ക് മാറി പോയി. പോകാൻ മറ്റൊരിടമില്ലാതെ, പൊലീസ് പിടികൂടുമെന്ന് ഭയന്ന് പുറത്തേക്ക് പോലും ഇറങ്ങാനാവാതെ ആ പരിസരത്തൊക്കെ തന്നെ തുടരുകയായിരുന്നു ഇയാൾ.
മുൻപ് ഒപ്പം ഇവിടെ ക്ലീനിങ് പണിക്ക് എത്തിയിരുന്നവരും സമീപത്തുള്ള മറ്റുള്ളവരുമൊക്കെ എത്തിച്ചു കൊടുത്തിരുന്ന ഭക്ഷണമായിരുന്നു വിശപ്പടക്കാനുണ്ടായിരുന്ന ഏക ആശ്രയം. ക്രമേണ ശാരീരിക അസ്വസ്ഥകൾ വർധിച്ചതിനൊടൊപ്പം മാനസികമായി തളർന്നതോടെ കൂടുതൽ അവശനായി. നിരാശ ബാധിച്ച് ആരോടും മിണ്ടാത്ത അവസ്ഥയുമായി. ഭക്ഷണവുമായെത്തുന്നവരോട് തനിക്ക് നാട്ടിൽ പോകണം എന്ന് രണ്ടുവാക്ക് മാത്രമായി സംസാരം.
ഇയാളുടെ ജീവിത ദുരിത അവസ്ഥയിൽ തിരുവനന്തപുരം സ്വദേശി ഷാജഹാൻ ഖാസിം അൽ കോബാറിലെ കെഎംസിസിയെ അറിയിക്കുകയായിരുന്നു. തുടർന്ന് വിഷയം എറ്റെടുത്ത കെഎംസിസിയുടെ ജീവകാരുണ്യവിഭാഗം കൺവീനർ ഹുസൈൻ നിലമ്പൂർ ബന്ധപ്പെട്ടപ്പോഴാണ് 6 വർഷമായി ഇഖാമ പുതുക്കിയിട്ടില്ലന്നും പിഴ ഉൾപ്പെടെയുള്ള നിയമതടസങ്ങളൊക്കെ തിരിച്ചറിയുന്നത്. തുടർന്ന് കെഎംസിസിയുടെ നേതൃത്വത്തിൽ ജവാസത്ത് അധികൃതരുമായി ബന്ധപ്പെട്ട് നിയമപരമായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് എല്ലാ ബുദ്ധിമുട്ടുകളും അവസാനിപ്പിച്ച് നാട്ടിലേക്കുള്ള എക്സിറ്റ് കരസ്ഥമാക്കി.
ജീവകാരുണ്യപ്രവർത്തകൻ ഹുസൈൻ നിലമ്പൂരിനോടും കെഎംസിസിയോടും നന്ദി പറഞ്ഞ് 7 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും എയർലൈൻസ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഖാദർ ഹുസൈൻ നാട്ടിലേക്ക് മടങ്ങി.