സൗദിയിൽ ഡ്രൈവിങ് സ്കൂളുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യമേഖലയ്ക്ക്
Mail This Article
റിയാദ് ∙ സൗദിയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പ്, ടെസ്റ്റുകളുടെ നിരീക്ഷണ ചുമതല തുടങ്ങിയവ സ്വകാര്യ മേഖലക്ക് നല്‍കാന്‍ നടപടി തുടങ്ങി. പത്തു വര്‍ഷത്തെ കരാറിലാണ് ഡ്രൈവിങ് സ്കൂളുകളുടെ ചുമതല സ്വകാര്യമേഖലക്ക് നൽകുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കരാര്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും ആഭ്യന്തര മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി.
സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പിലൂടെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ദേശീയ സ്വകാര്യവല്‍ക്കരണ സെന്റര്‍ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 25 ന് വൈകിട്ട് മൂന്നു മണിക്ക് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും ദേശീയ സ്വകാര്യവല്‍ക്കരണ സെന്ററും അറിയിച്ചു.
സൗദിയിൽ ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടത്തിപ്പ് ചുതമല സ്വകാര്യമേഖലക്ക് കൈമാറുന്നത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ 69 ഡ്രൈവിങ് സ്‌കൂളുകളാണുള്ളത്. ഇവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.
ഇതുവഴി ഡ്രൈവിങ് സ്‌കൂളുകള്‍ വികസിപ്പിക്കാനും ഡ്രൈവിങ് പരിശീലനത്തിലും ലൈസന്‍സ് ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് ദേശീയ സ്വകാര്യവല്‍ക്കരണ സെന്ററുമായി സഹകരിച്ച് ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പ് നിരീക്ഷണ പദ്ധതി കരാര്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നത്.