യുഎഇയിൽ ‘ഫോർ ദ് വേൾഡ്’ പദ്ധതിക്ക് തുടക്കം
Mail This Article
ദുബായ് ∙ കര, നാവിക, വ്യോമ അതിർത്തികളിൽ ജോലി ചെയ്യുന്ന മുൻനിര ജീവനക്കാർക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ‘ഫോർ ദ് വേൾഡ്’ എന്ന പദ്ധതിക്കു ജിഡിആർഎഫ്എ തുടക്കമിട്ടു. സഞ്ചാരികളെ അറിയുന്നതിനും ഉദ്യോഗസ്ഥരുമായി അടുപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നതെന്നു ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. വിവിധ രാജ്യങ്ങൾ, ആചാരങ്ങൾ, സംസ്കാരങ്ങൾ, ജനജീവിതം എന്നിവ മനസ്സിലാക്കുന്നത് സഞ്ചാരികളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി, ആദ്യ അതിഥി ജപ്പാൻ സ്വദേശി യാനി തകാഷി ദുബായ് എയർപോർട്ടിലെ പാസ്പോർട്ട് നിയന്ത്രണ മേഖലയിലും ജിഡിആർആർഎഫ്എയുടെ കാര്യാലയവും സന്ദർശിച്ചു.
പരമ്പരാഗത ജാപ്പനീസ് വേഷമായ കിമോണ ധരിച്ചാണ് അദ്ദേഹം എത്തിയത്. ലഫ്റ്റനന്റ് ജനറൽ അൽ മർറി തകാഷിയെ സ്വീകരിച്ച് ദുബായ് വിമാനത്താവളത്തിലെ പാസ്പോർട്ട് ഓഫിസർമാരുമായി കൂടിക്കാഴ്ച നടത്തി. ജപ്പാൻ സാംസ്കാരിക പരിപാടികൾ, ആശയവിനിമയ ശൈലികൾ, വ്യക്തിബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഓഫിസർമാർക്കു തകാഷി വിശദീകരിച്ചു. പരസ്പര ബഹുമാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ പദ്ധതി സഹായിക്കുമെന്നും സാംസ്കാരിക വൈവിധ്യത്തിന്റെയും തുറന്ന മനസ്സിന്റെയും ആഗോള മാതൃകയായി ദുബായിയെ സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ പരമ്പരാഗത വസ്ത്രങ്ങളിലാകും ജീവനക്കാർക്ക് പരിചയപ്പെടുത്തുക. ആചാരങ്ങൾ, സമ്പ്രദായങ്ങൾ, സംസ്കാരം, ആശയവിനിമയ രീതികൾ എന്നിവയെക്കുറിച്ച് വിശദീകരിക്കും. ഇവിടെ എത്തുന്ന ഓരോരുത്തർക്കും ദുബായിയുടെ ആതിഥ്യം ആസ്വദിക്കാനും യാത്ര അവിസ്മരണീയമാക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മാതാപിതാക്കളുടെ ഒപ്പം ഒരു ദിവസം’
കുടുംബ ബന്ധങ്ങളുടെയും മാതാപിതാക്കളുടെയും മൂല്യം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി ‘മാതാപിതാക്കൾക്കൊപ്പം ഒരു ദിവസം’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ജിഡിആർഎഫ്എ അറിയിച്ചു.
ജീവനക്കാരുടെ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ ജോലിസ്ഥലത്ത് ഒരു ദിവസം ചെലവഴിക്കാൻ അനുവദിക്കും. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളോടൊപ്പം കുട്ടികൾക്ക് അവസരം ലഭിക്കും. മാതാപിതാക്കളുടെ ജോലിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജോലിസ്ഥലത്തെ മാതാപിതാക്കളെ കാണുന്നതിലൂടെ കുട്ടികളുടെ മികച്ച മാതൃകകളായി അവർ മാറും. മാതാപിതാക്കളുടെ ജോലിയിലൂടെ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ച് കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ ബോധ്യപ്പെടുത്തി കൊടുക്കും. മാതാപിതാക്കൾ ജോലിസ്ഥലത്ത് പെരുമാറുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും കാണുമ്പോൾ മാതാപിതാക്കൾ കുട്ടികൾക്ക് സ്വയം മാതൃകകളായി മാറുമെന്നു ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.