ADVERTISEMENT

ദുബായ് ∙ അവധിക്കാലങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നതിനെതിരെ ലോക്സഭയിൽ ഷാഫി പറമ്പിൽ എംപി നടത്തിയ പ്രസംഗത്തിനു കൈയ്യടിച്ച് പ്രവാസ ലോകം. ഷാഫിയെ അഭിനന്ദിച്ചു വിവിധ സംഘടനകൾ പ്രമേയം പാസാക്കി. പ്രസംഗത്തിന്റെ തുടർച്ചയെന്നോണം സുപ്രീം കോടതിയിലേക്കു ഹർജിയുമായി പോകാൻ പ്രവാസി സംഘടനകൾ തീരുമാനിച്ചു. പ്രസംഗം കേന്ദ്ര വ്യോമയാന മന്ത്രി ഏറ്റെടുക്കുകയും വിമാന കമ്പനികളുമായി ചർച്ചയ്ക്കു കളമൊരുങ്ങുകയും ചെയ്തത് ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്.

സ്ഥാനാർഥിയായിരുന്ന സമയത്ത് ഷാഫി പറമ്പിൽ ഗൾഫിലെത്തി വോട്ട് ചോദിച്ചിരുന്നു. മാർച്ച് 25നു ഷാർജയിലും 26നു ദോഹയിലും തിരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിച്ച ഷാഫിയുടെ പ്രധാന വാഗ്ദാനം വിമാനയാത്രാ നിരക്കിൽ ഇടപെടും എന്നതായിരുന്നു. കൃത്യം നാലു മാസം കഴിഞ്ഞ ജൂലൈ‍ 26ന് ആണ് ലോക്സഭയിൽ യാത്രാനിരക്ക്  വിഷയം ഷാഫി ഉന്നയിക്കുന്നത്. 

ജുലൈ 27നും ഓഗസ്റ്റ് 31നും കൊച്ചിയിൽ നിന്നു ദുബായിലേക്കുള്ള എയർ ഇന്ത്യയുടെ നിരക്കാണ് ഷാഫി സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 27നു വെറും 4 സീറ്റു മാത്രം ഒഴിവുള്ള എയർ ഇന്ത്യ കൊച്ചിയിൽ നിന്നു ദുബായിലേക്ക് 19062 രൂപ ഈടാക്കുമ്പോൾ അതേ വിമാനം ഓഗസ്റ്റ് 31ന് ഈടാക്കുന്നത് 77573 രൂപയാണ്. അതിൽ 9 സീറ്റ് ഒഴിവുണ്ട്. ഡിമാൻഡ് വർധിക്കുമ്പോൾ വില കൂടുമെന്നു പറയുന്ന ധനതത്വശാസ്ത്രം ഇവിടെ ഏതു നിലയിലാണ് യോജിക്കുന്നതെന്നു ഷാഫി ചോദിച്ചു. 77573 രൂപയ്ക്കു സർവീസ് നടത്തുമ്പോഴുള്ള അത്രയും തന്നെ ഡിമാൻഡ് 19062 രൂപയ്ക്കു സർവീസ് നടത്തുമ്പോഴുമുണ്ട്. പ്രവാസികൾ എങ്ങനെ വീട്ടിൽ വരും. അവർ എങ്ങനെ ജോലിക്കു മടങ്ങി പോകും? – ഷാഫി ചോദിച്ചു. നാടുകടത്തപ്പെട്ടവരെ പോലെയാണ് പ്രവാസികളോടു പെരുമാറുന്നത്. വിമാനക്കമ്പനികൾ നമ്മളുടെ പ്രവാസികളോടു ചെയ്യുന്നതു ചോദ്യം ചെയ്യാൻ ഇവിടെയൊരു സർക്കാരുണ്ടെന്ന് അവരെ മനസിലാക്കി കൊടുക്കണമെന്നും ഷാഫി പറഞ്ഞു. 

വിമാന യാത്രാ നിരക്കുകൾ ജനങ്ങൾക്കു താങ്ങാനാവുന്നതാവണം എന്നാണ് മന്ത്രിയെന്ന നിലയിൽ തന്റെ നിലപാടെന്നു കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചറാപു റാം മോഹൻ നായിഡു പറഞ്ഞു. രാജ്യത്തു വിമാനങ്ങളുടെ കുറവുണ്ട്. 800 വിമാനങ്ങളിൽ 120 എണ്ണം ഉപയോഗിക്കാൻ കഴിയുന്നില്ല. വിമാന കമ്പനികളുടെ മേൽ അധിക സർവീസിന്റെ ഭാരമുണ്ട്. 1200 വിമാനങ്ങൾക്ക് നമ്മൾ പുതിയതായി ഓർഡർ നൽകിയിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. പുതിയ വിമാനങ്ങൾ വരുന്നതോടെ യാത്രാ നിരക്കിന്റെ കാര്യത്തിൽ നമുക്ക് കൂടുതൽ ഇടപെടാൻ കഴിയും. ഉപഭോക്താവ് രാജാവ് എന്ന കാര്യത്തിൽ ഇവിടെ മാറ്റമൊന്നുമില്ല. വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്ന ഷാഫിയുടെ നിർദേശം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

English Summary:

Shafi Parampil MP's speech in the Lok Sabha against the increase in air ticket prices during holidays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com