ADVERTISEMENT

അബുദാബി ∙ സ്വദേശിവൽക്കരണത്തിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കെതിരെ നടപടി കടുപ്പിക്കുമെന്നു മുന്നറിയിപ്പുമായി മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ കമ്പനികളിൽ സ്വദേശികളെ നിയമിക്കണമെന്നുള്ളത് രാജ്യത്തിന്റെ നിയമമാണ്. ഇതിനെ അട്ടിമറിക്കാനോ വ്യാജ നിയമനങ്ങളിലൂടെ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനോ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നിശ്ചിത ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കിയോ എന്നതു കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കും. ശമ്പള വിതരണത്തിൽ തട്ടിപ്പിനു ശ്രമിക്കരുതെന്നും കമ്പനികൾക്കു മുന്നറിയിപ്പുണ്ട്. 

ഒരേ തസ്തികയിൽ ജോലി ചെയ്യുന്ന സ്വദേശിയെക്കാൾ കൂടുതൽ ശമ്പളം വിദേശിക്കു നൽകുന്നതിനെ അംഗീകരിക്കില്ല. ഒരേ തസ്തികയിൽ ഒരേ ശമ്പളമായിരിക്കണം. തൊഴിൽ കരാറുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നു സ്വദേശികളോടും നിർദേശിച്ചിട്ടുണ്ട്. സ്വദേശി നിയമനം സംബന്ധിച്ചു ഒഴിവുകൾ പ്രസിദ്ധീകരിക്കുമ്പോൾ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണം. ഒരാളെ ജോലിയിൽ എടുത്തു കഴിഞ്ഞാൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ടുള്ള തൊഴിൽ കരാർ എത്രയും വേഗം നടപ്പാക്കണമെന്നും വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം വഴി കൃത്യമായ ശമ്പളം കൈമാറണമെന്നും നിർദേശമുണ്ട്. ജോലിയിൽ പ്രവേശിച്ചവർക്ക് കൃത്യമായ തൊഴിലിടം, ജോലിക്ക് ആവശ്യമായ ഉപകരണങ്ങൾ, പരിശീലനം, ശാക്തീകരണം എന്നിവ നൽകണം. വർക്ക് പെർമിറ്റ് നൽകുന്ന കാര്യത്തിൽ കാലതാമസം ഉണ്ടാകരുത്. 

ഏതെങ്കിലും തൊഴിൽ കരാർ റദ്ദാക്കുന്ന പക്ഷം, അംഗീകരിച്ച ശമ്പളവും ആനുകൂല്യങ്ങളും സ്വദേശി ജീവനക്കാരനു നൽകിയിരിക്കണം. ജോലിയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ പെൻഷൻ പദ്ധതിയിലും സാമൂഹിക സുരക്ഷ ഇൻഷുറൻസ് പദ്ധതിയിലും സ്വദേശികളെ ചേർക്കണം. ജോലിയിൽ പ്രവേശിച്ച മാസം മുതൽ കമ്പനിയുടെ വിഹിതം ഈ പദ്ധതികളിൽ അടയ്ക്കണം. സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് എന്തു നിയമലംഘനം ശ്രദ്ധയിൽ പെട്ടാലും മന്ത്രാലയത്തെ അറിയിക്കണമെന്നു പൗരന്മാർക്കു നിർദേശമുണ്ട്. നിയമലംഘനവുമായി ബന്ധപ്പെട്ട പിഴകൾ ഓരോ സാഹചര്യത്തിലും വ്യത്യസ്തമായിരിക്കും. 

സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴ
സ്വദേശിവൽക്കരണം നടപ്പാക്കാത്തതിനു സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴയിട്ട് അബുദാബി കോടതി. സ്വദേശിവൽക്കരണം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് 113 സ്വദേശികളെ വ്യാജമായി നിയമിച്ചതായും കണ്ടെത്തി. സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പരിശോധനയിലാണ് കമ്പനി പിടിക്കപ്പെട്ടത്. തുടർന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷനു കേസ് കൈമാറി. സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ നാഫിസ് നടപ്പാക്കുന്ന പദ്ധതികളുമായി കമ്പനി സഹകരിച്ചില്ലെന്നും മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു. തൊഴിൽ പെർമിറ്റ് നൽകിയ പലരും കമ്പനിയിൽ ജോലി ചെയ്യുന്നില്ലെന്നും കണ്ടെത്തി. നിയമനം നൽകിയതായി കമ്പനി അവകാശപ്പെട്ട 113 പേരും അവിടെ ജോലി ചെയ്യുന്നില്ല.

തട്ടിപ്പുകൾ ഇങ്ങനെ 
∙ വ്യാജ നിയമനങ്ങൾ കാണിക്കുക. സ്വദേശിവൽക്കരണം നടപ്പാക്കിയെന്നു അവകാശപ്പെടുക. സ്വദേശികളുടെ പേര് ഇതിനായി ഉപയോഗിക്കുക. 
∙ സ്വദേശികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ മുന്നറിയിപ്പിലാതെ നിർത്തലാക്കുക
∙ തൊഴിലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളിൽ സ്വദേശി ചേരാതിരിക്കുക.  
∙ നിയമനം ലഭിച്ച ശേഷം തൊഴിൽ കരാർ പ്രകാരം സ്വദേശി ജോലി ചെയ്യാതിരിക്കുക. 
∙ നാഫിസ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി തെറ്റായ വിവരങ്ങൾ നൽകുക. 

English Summary:

UAE tightened the Emiratisation law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com