വയനാടിനെയോർത്ത് തേങ്ങി ഗൾഫിലെ പ്രവാസി മലയാളികൾ; ഉറ്റവർക്കും നാട്ടുകാർക്കും വേണ്ടി പ്രാർഥന
Mail This Article
ദുബായ് ∙ വയനാടിനെയോർത്ത് തേങ്ങുകയാണ് ഗൾഫിലെ മലയാളി പ്രവാസികൾ. യുഎഇ, സൗദി, ഖത്തര്‍, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ വയനാട്ടുകാർ ജോലി ചെയ്യുന്നു. ഇവരെല്ലാം സംഭവമറിഞ്ഞതുമുതൽ പ്രാർഥനയിലാണ്, ഉറ്റവർക്കും നാട്ടുകാർക്കും വേണ്ടി. ഇവരിൽ പലരുടെയും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രകൃതിദുരന്തം ബാധിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിന്റെ തുടക്കമായ പുഞ്ചിരിവട്ടത്ത് താമസിക്കുന്ന സൗദി അൽഹസയിൽ പ്രവാസിയായ ജിഷ്ണു മാതാപിതാക്കളടക്കമുള്ളവരെക്കുറിച്ച് വിവരമറിയാതെയാണ് ഉഴറുന്നത്. ഇദ്ദേഹം ഇന്ന് രാത്രി നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്യുന്നു. അതേസമയം അജ്മാനിലെ ബാവ എന്ന ഷൈജലും ഭാര്യയും അവരുടെ അടുത്ത ബന്ധുക്കളെക്കുറിച്ച് അറിയാതെ വിതുമ്പുന്നു. ഭാര്യയുടെ അടുത്ത ബന്ധുക്കളായ നാലംഗ കുടുംബം മേപ്പാടി ചൂരൽമലയിലായിരുന്നു താമസിച്ചിരുന്നതെന്ന് ഷൈജൽ മനോരമ ഒാൺലൈനോട് പറഞ്ഞു.
അജ്മാൻ ജർഫ് 2ലെ ഒരു റസ്റ്ററന്റിൽ ഷെഫായ ഇദ്ദേഹം ഉച്ചയ്ക്ക് ജോലിയുടെ ഇടവേളയിൽ ഒാടിയെത്തി ഭാര്യയുടെ ആശങ്കയിൽ പങ്കുചേർന്നു. ഇരുവരും ഷൈജലിന്റെ കൽപറ്റ ടൗണിനടുത്ത് താമസിക്കുന്ന ബന്ധുക്കളോട് വിവരം അന്വേഷിച്ചുകൊണ്ടിരുന്നു. അവർക്കും ചൂരൽമലയിലെ ബന്ധുക്കളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഫോൺ വിളിച്ചാൽ കിട്ടാത്ത സ്ഥലത്താണ് അവരുള്ളത്. ഒന്നും സംഭവിക്കരുതേ എന്ന് ഭാര്യ മുഴുവൻ സമയം പ്രാർഥനയിലാണെന്ന് ഷൈജൽ പറഞ്ഞു. ഇതിന് മുൻപുണ്ടായ പ്രകൃതി ദുരന്തത്തിൽ ചൂരൽമലയ്ക്കടുത്തെ പുത്തൂർമലയിലും വൻനാശനഷ്ടം സംഭവിച്ചിരുന്നു. അന്നും ഷൈജലും കുടുംബവും അജ്മാനിലിരുന്ന് തീ തിന്നു. പുത്തൂർമലയിൽ നിന്ന് അഞ്ച്മിനിറ്റ് നടക്കാനുള്ള ദൂരത്തിലാണ് ചൂരൽമല. രാത്രി ജോലി കഴിഞ്ഞ് ചെന്ന് വിവരമറിയാനുള്ള ശ്രമം തുടരാനാണ് തീരുമാനം.
∙കൂട്ടുകാരെയോർത്ത് ഉരുകി സോഫിയ
ദുബായിൽ ജോലി ചെയ്യുന്ന മേപ്പാടിക്കടുത്ത് താമസിക്കുന്ന സോഫിയും ഒപ്പം പഠിച്ചവരെ ഒർത്ത് കടുത്ത ആശങ്കയിലാണ്. പ്രകൃതിദുരന്ത വിവരം അറിഞ്ഞയുടൻ തന്നെ സോഫിയ നാട്ടിലേയ്ക്ക് വിളിച്ച് കാര്യം അന്വേഷിച്ചു. കൂടെ സ്കൂളിൽ പഠിച്ച ഒട്ടേറെ പേർ ചൂരൽമലയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നുണ്ടെന്നും ഒന്നന്വേഷിക്കാമോ എന്നും ആവശ്യപ്പെട്ടതനുസരിച്ച് ആ ഭാഗത്തുള്ളവരുമായി ബന്ധപ്പെട്ടപ്പോൾ അവരുടെ പലരുടെയും വീടുകൾ ഒലിച്ചുപോയിട്ടുണ്ടെന്ന നടുക്കുന്ന വിവരമാണ് ലഭിച്ചത്. എന്നാൽ, കൂട്ടുകാര്‍ക്കും കുടുംബങ്ങൾക്കും ഒന്നും സംഭവിക്കരുതേ എന്ന പ്രാർഥനയിലാണ് സോഫിയ.