ഷാർജയിൽ നിക്ഷേപം നടത്തിയ വിദേശികളുടെ എണ്ണത്തിൽ വർധന; ആദ്യ ആറ് രാജ്യക്കാരുടെ പട്ടികയിൽ ഇന്ത്യക്കാരും
Mail This Article
ഷാർജ ∙ 2024 ആദ്യപാദ റിപോർട്ട് അനുസരിച്ച് എമിറേറ്റിൽ നിക്ഷേപം നടത്തിയ വിദേശികളുടെ എണ്ണം 106 ആയി. പ്രോപർട്ടി എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ എമിറേറ്റിൽ നിക്ഷേപം നടത്തുന്നവരുടെ ആദ്യ ആറ് രാജ്യക്കാരുടെ പട്ടികയിൽ ഇന്ത്യക്കാരും. യുഎഇ പൗരന്മാർ, സിറിയക്കാർ, ഇറാഖികൾ, ഈജിപ്തുകാർ, ജോർദാനികൾ എന്നിവരാണ് മറ്റുള്ളവർ.
അതേസമയം, ഷാർജയിലെ റിയൽ എസ്റ്റേറ്റ് വ്യാപാരം 2024 ന്റെ ആദ്യ പകുതിയിൽ 35.6% വർധിച്ച് 18.2 ബില്യൻ ദിർഹത്തിൽ എത്തി. പ്രാഥമിക വിൽപന ഇടപാടുകളിലെ വർധനവാണ് വ്യാപാരത്തിലെ ഈ കുതിപ്പിന് കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6,592 ഇടപാടുകളെ അപേക്ഷിച്ച് 10,809 ഇടപാടുകൾ രേഖപ്പെടുത്തി.
ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ അർധ വാർഷിക റിപ്പോർട്ട് 2012 ന് ശേഷമുള്ള സമാന കാലയളവുകളെ അപേക്ഷിച്ച് 2024ലെ ആദ്യ പാദത്തിൽ റിയൽ എസ്റ്റേറ്റ് വ്യാപാരം ഏറ്റവും ഉയർന്നതാണെന്ന് വെളിപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കുതിച്ചുചാട്ടവും റിപോർട്ട് വെളിപ്പെടുത്തി, 2024 ആദ്യ പാദത്തിൽ 46,524 ഇടപാടുകൾ നടത്തി.
2023-ലെ 40,876 ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇടപാടുകൾ, പ്രാരംഭ വിൽപന കരാറുകൾ, ഉടമസ്ഥാവകാശ രേഖകൾ, മോർട്ട്ഗേജുകൾ, മൂല്യനിർണയങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഇത്. എമിറേറ്റിലെ സമഗ്രവും നിരന്തരവുമായ സാമ്പത്തിക വളർച്ചയുടെ ഭാഗമായി റിയൽ എസ്റ്റേറ്റ് മേഖലയിലെ ഗുണപരമായ സംഭവവികാസങ്ങൾ പ്രതീക്ഷ നൽകുന്നതായി ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അഹമ്മദ് അൽ ഷംസി പറഞ്ഞു.
109 മേഖലകളിലായി 4,932 ഇടപാടുകൾ നടത്തി ഷാർജ സിറ്റിയാണ് ഏറ്റവും കൂടുതൽ വിൽപന നടത്തിയത്. എമിറേറ്റിൽ ഏറ്റവും കൂടുതൽ വിൽപന ഇടപാടുകളും വ്യാപാര മൂല്യവും രേഖപ്പെടുത്തിയത് മുവൈല കൊമേഴ്‌സ്യൽ ഏരിയയാണ്. 2024 ൻ്റെ ആദ്യ പകുതിയിൽ ഏഴ് പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ റജിസ്റ്റർ ചെയ്തു. അതിൽ 16.2 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർപ്പിട സമുച്ചയങ്ങളും പാർപ്പിട, വാണിജ്യ ടവറുകളും ഉൾപ്പെടുന്നു.