തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം പുസ്തകമാക്കാൻ ദുബായ് ഇറാനിയൻ ആശുപത്രിയിലെ ഡോ. ഹുമൻ കേരളത്തിൽ
Mail This Article
ദുബായ് ∙ പിതാവിന്റെ കുടുംബവേരുകൾ തേടിയെത്തിയ ഡോ. ഹുമൻ മോഹൻ പരമേശ്വരൻ തമ്പിക്ക് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രം വിശദീകരിച്ചു ഗൗരി പാർവതി ഭായ് തമ്പുരാട്ടിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയും. വിശാഖം തിരുനാൾ രാജാവിന്റെ ഭാര്യവീടായ അരുമന തറവാട്ടിലെ അംഗമാണ് ദുബായ് ഇറാനിയൻ ആശുപത്രിയിലെ ഡോക്ടർ ഹുമൻ മോഹൻ.
പിതാവിന്റെ അരുമന വീടിനെക്കുറിച്ചും തിരുവിതാംകൂർ രാജവംശത്തെക്കുറിച്ചും പരമാവധി വിവരങ്ങൾ ശേഖരിച്ച് ഒരു പുസ്തകം തയാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. അരുമന പരമേശ്വരൻ തമ്പിയുടെ മകൻ ഡോ. മോഹൻ തമ്പിയുടെ മകനാണ് ഡോ. ഹുമൻ.
ഇറാൻ സ്വദേശി സൊഹ്രയാണ് ഹുമന്റെ അമ്മ. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽസുഹൃത്തുക്കളിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെയാണ് പിതാവിന്റെ തറവാടിനെക്കുറിച്ച് ഹുമൻ അറിയുന്നത്. അജ്മാനിലെ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ലൈബ്രേറിയനും തിരുവിതാംകൂർ രാജവംശ ചരിത്രത്തിൽ ഗവേഷകനുമായ ഡയസ് ഇടിക്കുളയാണ് ഡോ. ഹുമന്റെ കേരള സന്ദർശനം യാഥാർഥ്യമാക്കിയത്. പത്മനാഭപുരം കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, കുതിര മാളിക മ്യൂസിയം, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ചിത്രാലയം, കവടിയാർ കൊട്ടാരം എന്നിവിടങ്ങളിലും ഹുമൻ സന്ദർശനം നടത്തും.