ADVERTISEMENT

ദുബായ് ∙ കഴിഞ്ഞ വർഷം മഞ്ഞിൽ അകപ്പെട്ട് മരണമടഞ്ഞ യുവ പർവതാരോഹകന്‍റെ മൃതദേഹം 8200 മീറ്റർ ഉയരമുള്ള കെ2 കൊടുമുടിയിൽ നിന്ന് വീണ്ടെടുത്തത് യുവതി.  ദുബായ് ആസ്ഥാനമായുള്ള പർവതാരോഹക നൈല കിയാനിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഈ ധീരമായ ദൗത്യം പൂർത്തിയാക്കിയത്.

മുഹമ്മദ് ഹസൻ ഷിഗ്രിയുടെ മൃതദേഹം കണ്ടെത്തുന്നതിനും അത് ക്യാംപിലേക്ക് എത്തിക്കുന്നതിനും സംഘത്തിന് മൂന്ന് ദിവസം വേണ്ടിവന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതശിഖരത്തിൽ നടത്തിയ ഏറ്റവും വലിയ വീണ്ടെടുക്കലായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞവർഷമായിരുന്നു മുഹമ്മദ് ഹസൻ മരിച്ചത്. അസുഖബാധിതനായ മുഹമ്മദ് ഹസനെ മറ്റ് പർവതാരോഹകർ അവഗണിച്ചു എന്ന ആരോപണം വ്യാപകമായിരുന്നു. യുവാവായ ഇദ്ദേഹത്തിന് കൊടുമുടി കയറാനുള്ള മുൻപരിചയമോ മതിയായ തയ്യാറെടുപ്പുകളോ ഇല്ലായിരുന്നുവത്രെ.  ഈ സംഭവം ലോകമെമ്പാടുമുള്ള പർവതാരോഹക സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.

യുഎഇയിലെ മഷ്‌റഖ് ബാങ്കിന്‍റെ പിന്തുണയോടെ ആരംഭിച്ച കെ2 ക്ലീൻ-അപ് പ്രോജക്ട് ആരംഭിക്കുന്നതിനിടെയാണ് മുഹമ്മദ് ഹസന്‍റെ കുടുംബം നൈല കിയാനിയെ സമീപിച്ചത്. അധികൃതരുടെ അനുമതി ലഭിച്ചതോടെ, നൈല കിയാനിയും സംഘവും കെ2യിലേക്ക് യാത്രയായി. പർവതാരോഹകരുടെ പരിശ്രമത്തിനൊപ്പം ഇമ്രാൻ അലിയുടെ ലോജിസ്റ്റിക്കൽ പിന്തുണയും ഷിഗാർ ഡപ്യൂട്ടി കമ്മീഷണർ വാലി ഉല്ലാ ഫല്ലാഹിയുടെ സഹകരണവും ഇല്ലാതെ ഈ ദൗത്യം സാധ്യമാകുമായിരുന്നില്ലെന്ന് നൈല  കിയാനി പറഞ്ഞു.

കെ2യിൽ നിന്ന് മൃതദേഹം വീണ്ടെടുക്കുന്നത്  ദുഷ്‌കരമായ ദൗത്യമായിരുന്നു. കഠിനമായ കാലാവസ്ഥയും അപകടകരമായ ഭൂപ്രകൃതിയും ദൗത്യത്തെ കൂടുതൽ സങ്കീർണമാക്കി. മുഹമ്മദ് ഹസന്‍റെ മൃതദേഹം മഞ്ഞിൽ പുതഞ്ഞ് കിടക്കുകയായിരുന്നു. ഇത് തിങ്കളാഴ്‌ച കുഴിച്ചെടുത്ത സംഘം ബുധനാഴ്ച പ്രാദേശിക സമയം ഏകദേശം 6.30 ന് അഡ്വാൻസ്‌ഡ് ബേസ് ക്യാംപിൽ (എബിസി) എത്തിച്ചു.

∙ ധീരതയുടെ പ്രതീകമായി നൈല കിയാനി

ദുബായിലെ താമസക്കാരിയായ നൈല കിയാനി ഈ വർഷം മേയിൽ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ 8,485 മീറ്റർ ഉയരമുള്ള മകാലുവിലെത്തി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 പർവതങ്ങളിൽ 11–ാമത്തേതായ 8,000-ത്തിലേറെ മീറ്റർ ഉയരമുള്ള പർവതം കീഴടക്കിയ ആദ്യത്തെ പാക്കിസ്ഥാൻ വനിതയുമായി. ഇത്രയും ഉയരത്തിൽ നിന്ന് കെ2-ൽ നടത്തുന്ന ആദ്യത്തെ രക്ഷാദൗത്യമായിരുന്നു ഹസന്‍റെ മൃതദേഹം കണ്ടെടുത്തത്. 

സംഘാംഗങ്ങളിൽ മറ്റ് ഏഴ് അംഗങ്ങളിൽ ദിലാവർ സദ്പര, അക്ബർ ഹുസൈൻ സദ്പര, സാക്കിർ ഹുസൈൻ സദ്പര, മുഹമ്മദ് മുറാദ് സദ്പര, അലി മുഹമ്മദ് സദ്പര, ലോജിസ്റ്റിക്സ് മാനേജർ ഇമ്രാൻ അലി, വാലി ഉല്ലാ ഫല്ലാഹി എന്നിവരും ഉൾപ്പെടുന്നു. ഈ രക്ഷാദൗത്യം ഹസന്‍റെ മൃതദേഹം മാന്യമായി സംസ്‌കരിക്കുമെന്ന് നൈല കിയാനി കൂട്ടിച്ചേർത്തു.

English Summary:

Dubai-Based Mountaineer Naila Kiani made History on Wednesday when she Led a Team of Eight Mountaineers to Recover the Body of Muhammad Hassan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com