സ്പൈസ് ജെറ്റ് സർവീസ് റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
Mail This Article
ദുബായ് ∙ ദുബായിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സ്പൈസ് ജെറ്റിന്റെ ഒട്ടേറെ വിമാനങ്ങൾ ജൂലൈ 31 ന് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. എയർലൈൻ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് പ്രതിദിനം 11 വിമാനങ്ങളായിരുന്നു സർവീസ് നടത്തുന്നിയിരുന്നത്. അവയിൽ മിക്കതും സർവീസ് നടത്തിയില്ല.
പ്രവർത്തന തടസ്സം കാരണം സർവീസുകൾ റദ്ദാക്കിയതായി പ്രസ്താവനയിൽ എയർലൈൻ പറഞ്ഞു. ഇതുമൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന പ്രതിസന്ധി ലഘൂകരിക്കാന്‍ വേണ്ട നടപടികൾ നടപ്പിലാക്കിയതായും അറിയിച്ചു. ഒട്ടേറെ മലയാളികളടക്കമുള്ള ഇന്ത്യക്കാർ കുടുംബസമേതം യാത്ര ചെയ്യാൻ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
അതേസമയം, ദുബായിൽ നിന്നുള്ള ഷെഡ്യൂൾ ചെയ്‌ത എല്ലാ വിമാനങ്ങളും ഇപ്പോൾ മറ്റു ദിവസങ്ങളിലേയ്ക്ക് ആസൂത്രണം ചെയ്‌തിരിക്കുന്നതായി സ്‌പൈസ്‌ജെറ്റ് വക്താവ് പറഞ്ഞു. യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരുടെ എണ്ണമോ റദ്ദാക്കലിന്റെ കൃത്യമായ കാരണങ്ങളോ സ്പൈസ് ജെറ്റ് വ്യക്തമാക്കിയിട്ടില്ല.
മതിയായ ഫണ്ടില്ലാത്തതിനാൽ എയർലൈൻ ജീവനക്കാരുടെ ശമ്പളം, പിഎഫ്, ടിഡിഎസ് പേയ്‌മെൻ്റുകൾ വൈകിപ്പിക്കുകയാണ്.