നിർത്തിയിട്ട ടാക്സിക്കു പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം; കാൽനടക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Mail This Article
അബുദാബി ∙ കാൽനട യാത്രക്കാർക്കുവേണ്ടി നിർത്തിയിട്ട ടാക്സിക്കു പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം. കാൽനടക്കാർ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടക്കുന്നതോ അവർക്കു വേണ്ടി ടാക്സി നിർത്തിയിട്ടതോ പിന്നാലെ എത്തിയ ഡ്രൈവർ ശ്രദ്ധിക്കാതിരുന്നതാണ് അപകടകാരണം.
അതേസമയം, നിർത്തിയിട്ടിരുന്ന ടാക്സി ഹസാർഡ് ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിച്ചിരുന്നു. റോഡ് ക്രോസ് ചെയ്തിരുന്ന 3 പേർ അപകടത്തിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നു പൊലീസ് അഭ്യർഥിച്ചു. ജനങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഡ്രൈവർമാർ പ്രത്യേക കരുതലെടുക്കണം. ക്രോസിങ്ങുകളിൽ കാൽനട യാത്രക്കാർക്കാണ് മുൻഗണന. ഇത്തരം സ്ഥലങ്ങളിൽ കാൽനട യാത്രക്കാരെ അവഗണിച്ചു വാഹനം മുന്നോട്ടെടുത്താൽ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.