പൂജ ഖേദ്കർ ദുബായിലേക്ക് കടന്നെന്ന് സൂചന; ഫോൺ സ്വിച്ച് ഓഫ്!
Mail This Article
ദുബായ് / മുംബൈ ∙ വ്യാജ സർട്ടിഫിക്കറ്റുമായി യുപിഎസ്‌സി പരീക്ഷ എഴുതിയെന്ന കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ ദുബായിലേക്കു മുങ്ങിയതായി സൂചന. മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി കഴിഞ്ഞ ദിവസം തള്ളിയതിനു പിന്നാലെയാണിത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതിനിടെ, ഭൂമിതർക്കവുമായി ബന്ധപ്പെട്ടു കർഷകനു നേരെ തോക്കുചൂണ്ടിയ കേസിൽ പൂജയുടെ അമ്മ മനോരമ ഖേദ്കർക്ക് പുണെ കോടതി ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു മനോരമ. ഇതേ കേസിൽ പ്രതിയായ പൂജയുടെ അച്ഛൻ ദിലീപ് ഖേദ്കർ മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഒളിവിലാണ്.
പൂജയുടെ വിവാദത്തിനു പിന്നാലെ, ശാരീരിക വൈകല്യ രേഖകളുമായി യുപിഎസ്‌സി പരീക്ഷ എഴുതിയ 6 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ െമഡിക്കൽ രേഖകൾ വീണ്ടും പരിശോധിക്കാൻ കേന്ദ്ര പഴ്സനേൽ മന്ത്രാലയം നടപടി തുടങ്ങി. വ്യാജരേഖകൾ ഉപയോഗിച്ചെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും ആരോപണം ഉയർന്നവർക്കെതിരെയാണു നീക്കം. സർവീസിലുള്ളവരും പ്രബേഷനിലുള്ളവരും ഇതിലുൾപ്പെടും. കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചും ഇല്ലാത്ത കാഴ്ചവൈകല്യം ഉണ്ടെന്നു രേഖയുണ്ടാക്കിയും യുപിഎസ്‌സി പരീക്ഷ എഴുതിയെന്നതാണ് പൂജയ്ക്കെതിരെയുള്ള ആരോപണം.