വയനാട്ടില്‍ ഭവന നിർമാണവുമായി ഇൻകാസ് ഖത്തർ
Mail This Article
ദോഹ ∙ വയനാട്ടിലെ മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാകാൻ ഇൻകാസ് ഖത്തറും. പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമിച്ചു നൽകാൻ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ഹൈദർ ചുങ്കത്തറയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് ‘സ്നേഹക്കൂട്’എന്ന പേരിൽ ഭവന നിർമാണ പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. ടി.സിദ്ദിഖ് എംഎൽഎയുമായി സഹകരിച്ചാണ് ഭവന പദ്ധതി നടപ്പിലാക്കുക. ഉന്നത അധികാര സമിതി യോഗത്തിൽ ഇൻകാസ് മുതിർന്ന നേതാക്കളായ മുഹമ്മദ് ഷാനവാസ്, ജോപ്പച്ചൻ തെക്കേ കുറ്റ്, കെ.കെ. ഉസ്മാൻ, എ.പി. മണികണ്ഠൻ,എബ്രഹാം കെ. ജോസഫ്, ബഷീർ തൂവാരിക്കൽ, ഈപ്പൻ തോമസ് എന്നിവർ പങ്കെടുത്തു.
വയനാട് ജനതക്കൊപ്പം എല്ലാ പ്രവാസികളും ചേർന്ന് നിൽക്കണമെന്നും ഇൻകാസ് ഖത്തറിന്റെ ഭവന നിർമാണ പദ്ധതിയിൽ എല്ലാ അഭ്യുദയകാംക്ഷികളും സഹകരിക്കണമെന്നും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അഭ്യർഥിച്ചു.
ഖത്തറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സംസ്കൃതി ഖത്തർ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നാംഘട്ടമായി 10 ലക്ഷം രൂപ കൈമാറിയിരുന്നു. മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലേക്ക് കൂടുതൽ തുക ശേഖരിക്കുമെന്ന് സംസ്കൃതി ഭാരവാഹികൾ അറിയിച്ചു.