ആഹാരത്തിന് 50 ഫിൽസ് മുതൽ 3 ദിർഹം വരെ; യുഎഇയിൽ അന്നം വിളമ്പുന്ന ഇന്ത്യൻ വനിത
Mail This Article
ദുബായ്∙ യുഎഇയിൽ, വിശക്കുന്നവരുടെ മുന്നിൽ തുറന്നിട്ട വാതിലാണ് ഇന്ത്യക്കാരിയായ പ്രവാസി വനിതയുടെ ഭക്ഷണ (ഫൂഡ്) എടിഎമെന്ന സംരംഭം. ആയിഷ ഖാൻ എന്ന ഗുജറാത്തി വനിതയുടെ ഈ സംരംഭം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സംവിധാനത്തിലൂടെ ദിവസേന ആയിരക്കണക്കിന് ആളുകൾക്കാണ് ഭക്ഷണം നൽകുന്നത്.
അഞ്ച് അടുക്കളകളാണ് ഇന്ന് ഫൂഡ് എടിഎമ്മിനായി പ്രവർത്തിക്കുന്നത്. ദിവസവും 1200 മുതൽ 1500 വരെ ആളുകൾ ഈ സംരംഭത്തിലൂടെ ആയിഷ ആഹാരം നൽകുന്നു. 2019-ൽ സ്ഥാപിതമായ ഫൂഡ് എടിഎം, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് 50 ഫിൽസ് മുതൽ 3 ദിർഹം വരെ പരിധിക്കുള്ളിലാണ് ഭക്ഷണം വിൽക്കുന്നത്. അവർക്ക് അത് താങ്ങാൻ കഴിയുന്നില്ലെങ്കിൽ, ഭക്ഷണം സൗജന്യമായി നൽകും.
ഭക്ഷണ എടിഎം എന്നത് ഒരു കാറ്ററിങ് സർവീസിനപ്പുറം ഒരു സാമൂഹിക പ്രതിബദ്ധതയാണ്. ഇത് തൊഴിലാളികൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുറഞ്ഞ ശമ്പളത്തിൽ ജീവിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണത്തിനായി ചെലവഴിക്കേണ്ടി വരുന്ന തുക ഇവിടെ നിന്ന് ലാഭിക്കാൻ കഴിയും. ഇത് അവർക്ക് തങ്ങളുടെ കുടുംബങ്ങളെ പരിപാലിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം മാറ്റിവയ്ക്കാനും സഹായിക്കും.
∙ കാപ്പി പോലും ആഡംബരമായിരുന്ന കാലം
ആയിഷ ഖാൻ വ്യക്തിപരമായ അനുഭവങ്ങളാൽ പ്രചോദിതയായിട്ടാണ് ഈ സംരംഭം ആരംഭിച്ചത്. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി കാരണം വിശപ്പിന്‍റെ തീവ്രത ആയിഷ ഖാൻ അറിഞ്ഞിരുന്നുന്നു. അതുകൊണ്ട് തന്നെ, മറ്റുള്ളവർക്ക് ഭക്ഷണം നൽകി അവരുടെ ജീവിതം മെച്ചപ്പെടുത്താൻ ആയിഷ ആഗ്രഹിച്ചു
ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ഇടത്തരം കുടുംബത്തിൽ വളർന്ന ആയിഷയ്ക്ക് 17 വയസ്സ് പ്രായമുള്ളപ്പോൾ പിതാവിനെ നഷ്ടമായത്. ട്യൂഷനും കോച്ചിങ് ക്ലാസുകളും എടുത്താണ് ആയിഷ അന്ന് ചെറിയ വരുമാനം കണ്ടെത്തിയത്. ഡയാലിസിസ് ആവശ്യമുള്ള അമ്മയും സ്കൂളിൽ പോകുന്ന അനുജനും ആവശ്യമായ തുക കണ്ടത്തുന്നതിന് ആയിഷ കഷ്ടപ്പെട്ടു.
“ അന്ന് ഞാൻ ശരിക്കും വിശന്നിരുന്ന സമയങ്ങളുണ്ടായിരുന്നു. എന്‍റെ വിദ്യാർഥികളുടെ മാതാപിതാക്കൾ എനിക്ക് എന്തെങ്കിലും കഴിക്കാൻ തരണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു കപ്പ് കാപ്പി തന്നെ അക്കാലത്ത് ഒരു ആഡംബരമായിരുന്നു. വിശപ്പ് എന്നത് ഓരോ വ്യക്തിയും അനുഭവിക്കുന്ന ഒരു ആഗോള പ്രതിഭാസമാണെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. അതിനാൽ, വിശക്കുന്ന ആളുകൾക്ക് ഭക്ഷണം നൽകാനുള്ള എനിക്ക് സാധിക്കുന്നത് ചെയ്യുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു.’’– ആയിഷ വ്യക്തമാക്കി.
∙അന്നം വിളമ്പി മനം കവർന്നു
ബിരുദം നേടിയ ശേഷം, ആയിഷ കുറച്ച് കാലം ബിഎസ്എൻഎല്ലിൽ ജോലി ചെയ്തു. 2006-ൽ ടെലികോം എൻജിനീയറായി ഡുവിൽ ചേർന്നതോടെയാണ് ആയിഷ ദുബായിലെത്തിയത്. ഐടി പ്രവർത്തനങ്ങൾക്കായി കമ്പനി തിരഞ്ഞെടുത്ത 60 വിദഗ്ധരിൽ ഒരാളായിരുന്നു ആയിഷ. ആ സമയത്ത് സമ്മർദം അകറ്റുന്നതിനായി പാചകം ചെയ്യാൻ തുടങ്ങിയ ആയിഷ ഭക്ഷണം സഹപ്രവർത്തകരുമായി പങ്കിട്ടു. സഹപ്രവർത്തകരിൽ അത് അത്ര മതിപ്പ‌് ഉള്ളവാക്കിയില്ല. എന്നാൽ കുറഞ്ഞ കൂലിയുള്ള തൊഴിലാളികൾക്ക് ഭക്ഷണം കൊടുത്തപ്പോൾ അവർ അതിനെ അഭിനന്ദിച്ചു.
ഭക്ഷണത്തിനായി ചെലവഴിക്കേണ്ടിവരുന്ന പണം ലാഭിക്കുന്നതിൽ അവർ നന്ദിയുള്ളവരാണെന്ന് പിന്നീട് ആയിഷ മനസ്സിലാക്കി. അപ്പോഴാണ് എല്ലാവർക്കും മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ തീരുമാനിച്ചതെന്ന് ആയിഷ വ്യക്തമാക്കി.
2019-ൽ, അജ്മാനിൽ ആദ്യത്തെ ഫൂഡ് എടിഎം ആരംഭിക്കുന്നതിന് അവർ ട്രേഡ് ലൈസൻസും ആവശ്യമായ എല്ലാ ഭക്ഷ്യ സുരക്ഷാ അനുമതികളും നേടി. വെല്ലുവിളികൾ അനവധിയായിരുന്നു. ഇത് നഷ്ട കച്ചവടമാകുമെന്ന് സുഹൃത്തുകൾ പറഞ്ഞു. കോവിസ് കാലത്ത് കാര്യങ്ങൾ മാറിമറഞ്ഞു. ആദ്യ തവണ നിരസിച്ച കമ്പനികൾ, ഇപ്പോൾ അവരുടെ തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിന് ആയിഷയെ തേടി വന്നത് പിന്നീടുള്ള ചരിത്രം.
2021-ൽ, ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി ഭക്ഷണം നൽകിയതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡിൽ ആയിഷയുടെ പ്രയത്‌നങ്ങൾ ഇടം നേടി. എട്ട് മണിക്കൂറിനുള്ളിൽ 50,744 പേർക്കാണ് അന്ന് അന്നം നൽകിയത്. ഇന്ന് യു.എ.ഇ ചാപ്റ്ററിന്‍റെ യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ടിന്‍റെ ഡയറക്ടർ ബോർഡ് അംഗമാണ് ആയിഷ.
∙പ്രവർത്തന രീതി
കോർപ്പറേറ്റ് ഓർഗനൈസേഷനുകൾ 3,000 അല്ലെങ്കിൽ അതിൽ കൂടുതൽ തൊഴിലാളികൾക്ക് ദിവസേന മൂന്ന് ഭക്ഷണം നൽകുന്നതിന് കമ്പനിയുമായി വാർഷിക കരാറുകളുണ്ട്. പണമടച്ചതിന്‍റെ അടിസ്ഥാനത്തിൽ ഓരോ തൊഴിലാളിക്കും ഒരു ഫൂഡ് എടിഎം കാർഡ് നൽകും. ഉപയോഗത്തിനനുസരിച്ച് മുഴുവൻ മാസവും ഭക്ഷണത്തിന്‍റെ എണ്ണം കാർഡിൽ ചേർക്കുന്നു. മാസാവസാനം, എണ്ണം പൂജ്യത്തിലേക്ക് പുനഃക്രമീകരിക്കും.
അടുത്ത മാസത്തിന്‍റെ ആദ്യ ദിവസം, കാർഡ് വീണ്ടും ലോഡുചെയ്യും. കാർഡിൽ ഒരു നമ്പർ, വ്യക്തിയുടെ ഫോട്ടോ, ഒരു ക്യുആർ കോഡ് എന്നിവ ഉൾപ്പെടുന്നു, അത് ഭക്ഷണത്തിന്‍റെ എണ്ണത്തിന്‍റെ ബാലൻസ് പരിശോധിക്കാൻ സ്കാൻ ചെയ്യുന്നു.
ഒരു തൊഴിലാളിയെ സ്പോൺസർ ചെയ്യുന്ന വ്യക്തികളോ കമ്പനികളോ ഭക്ഷണത്തിന് മുൻകൂട്ടി പണം നൽകണം. തുടർന്ന്, ബന്ധപ്പെട്ട ഭക്ഷണത്തിന്‍റെ കണക്കുകൾ ഉപയോഗിച്ച് കാർഡ് ലോഡുചെയ്യുന്നു. കൂടാതെ, കാർഡിൽ ഉപഭോക്താവിന്‍റെ കമ്പനി ഐഡി, കമ്പനിയുടെ പേര്, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നു. കരാറിലല്ലാത്ത തൊഴിലാളികൾക്ക് പണം നൽകി കുറഞ്ഞ വിലയ്ക്ക് നേരിട്ട് ഭക്ഷണം വാങ്ങാം.
യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഭക്ഷണ എടിഎമ്മുകൾ സ്ഥാപിക്കുക എന്നതാണ് ആയിഷയുടെ ഇപ്പോഴത്തെ ലക്ഷ്യം. അതുവഴി കൂടുതൽ ആളുകളെ സഹായിക്കാനും വിശപ്പിനെതിരായ പോരാട്ടം ശക്തമാക്കാനും ആയിഷ ആഗ്രഹിക്കുന്നു.