'സാലിക്കിൽ ഓഹരിനിക്ഷേപിച്ച് പ്രതിമാസം 35,600 ദിർഹം സമ്പാദിക്കാം'; പ്രചാരണത്തിൽ പ്രതികരിച്ച് അധികൃതർ
Mail This Article
ദുബായ് ∙ ദുബായിലെ ടോൾ ഓപറേറ്ററായ സാലിക്കിന്റെ പേരിലും തട്ടിപ്പിന് ശ്രമം. സാലിക്കിൽ ഓഹരിനിക്ഷേപിച്ച് പ്രതിമാസം ഏകദേശം 35,600 ദിർഹം സമ്പാദിക്കാമെന്ന വ്യാജ വെബ് സൈറ്റിലൂടെയുള്ള പ്രചാരണം തെറ്റാണെന്ന് അധികൃതർ പറഞ്ഞു. സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള തെറ്റായ വാഗ്ദാനങ്ങൾ വർധിച്ചതായി ദുബായിൽ ലിസ്റ്റുചെയ്ത കമ്പനി അറിയിച്ചു. സാലിക് സംബന്ധമായ എല്ലാ വിവരങ്ങളും അതിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മനസിലാക്കണമെന്നും നിർദേശിച്ചു. നേരത്തെ ദുബായിയുടെ ഏറ്റവും ഒടുവിലത്തെ ആകർഷണമായ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ പ്രവേശന ടിക്കറ്റിന് 50% ഇളവ് എന്ന വ്യാജ പരസ്യം നൽകിയ വെബ് സൈറ്റിനെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.
∙ വ്യാജ വെബ് സൈറ്റിൽ സാലിക് സിഇഒയുടെ ചിത്രവും
സാലിക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇബ്രാഹിം അൽ ഹദ്ദാദിന്റെ ഫോട്ടോ പതിച്ച വ്യാജ വെബ്‌സൈറ്റാണ് തടിപ്പ് നടത്തുന്നത്. പുതിയ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴി സാലിക് ഷെയറുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതിന് സർക്കാരുമായികരാർ ഉണ്ടാക്കിയതായി വെബ്‌സൈറ്റ് പറയുന്നു. 250 യുഎസ് ഡോളർ (ഏകദേശം 917 ദിർഹം) മുതൽ ആരംഭിക്കുന്ന സാലിക് ഷെയറുകളിൽ നിക്ഷേപിച്ച് പ്രതിമാസം 9,700 ഡോളർ (ഏകദേശം 35,600 ദിർഹം) ഉണ്ടാക്കാൻ അപൂർവ അവസരമെന്ന് വ്യാജ വാഗ്ദാനം നൽകിയാണ് തട്ടിപ്പിന് ശ്രമിക്കുന്നത്. വ്യക്തികളോട് അവരുടെ പേര്, ഇമെയിൽ വിലാസം, യുഎഇ മൊബൈൽ ഫോൺ നമ്പർ എന്നിവ സമർപ്പിക്കാനും വെബ്സൈറ്റ് ആവശ്യപ്പെടുന്നു.
ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സാലിക് ഷെയറുകൾ യുഎഇ ദിർഹത്തിലാണ് വ്യാപാരം ചെയ്യുന്നത്. വെബ്‌സൈറ്റ് അവകാശപ്പെടുന്നത് പോലെ ഡോളറിലല്ല. വെള്ളിയാഴ്ച ടോൾ ഗേറ്റ് ഓപറേറ്ററുടെ ഓഹരികൾ 0.595 ശതമാനം ഉയർന്ന് 3.380 ദിർഹത്തിലാണ് അവസാനിച്ചത്. ബിസിനസ് മോഡലിന് കുറഞ്ഞ മൂലധനച്ചെലവുകൾ ആവശ്യമുള്ളതിനാൽ സാലിക് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഓഹരികളിൽ ഒന്നാണ്. കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകൾ, ഇ–മെയിലുകൾ, സമൂഹമാധ്യമ തട്ടിപ്പുകൾ എന്നിവയിൽ ജാഗ്രത പാലിക്കാൻ ഉപയോക്താക്കൾക്കും നിക്ഷേപകരോടും സാലിക് ഒരു പ്രസ്താവനയിൽ ഉപദേശിച്ചു.
∙ സംശയാസ്പദമായ ലിങ്കുകളും പരസ്യങ്ങളും അവഗണിക്കുക
സംശയാസ്പദമായ ലിങ്കുകളിലോ പരസ്യങ്ങളിലോ ക്ലിക്ക് ചെയ്യരുത്. ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾക്കായി സാലിക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ആശയവിനിമയ ചാനലുകളും സന്ദർശിക്കുക. വാഹനമോടിക്കുന്നവർക്കും ഉപയോക്താക്കൾക്കുമായി സാലിക് അടുത്തിടെ അതിന്റെ നിബന്ധനകളും വ്യവസ്ഥകളും പുതുക്കിയിരുന്നു. ഒരു വർഷത്തിൽ ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം വരെ നിയമലംഘനത്തിനുള്ള പിഴ ചുമത്താമെന്നതാണ് അതിൽ പ്രധാനം.