ADVERTISEMENT

ജിദ്ദ∙  ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുള്ള രാജകുമാരനും ഭാര്യ റജ്‍വ രാജകുമാരിക്കും  പെൺകുഞ്ഞു ജനിച്ചു. ഇമാൻ എന്ന പേരിട്ടിരിക്കുന്ന കുഞ്ഞിന്‍റെ ജനന വാർത്ത ജോർദാനിയൻ റോയൽ കോർട്ട് സ്ഥിരീകരിച്ചു. സൗദി അറേബ്യയിലെ പ്രമുഖ കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് റജ്‍വ രാജകുമാരി.

ഈ സന്തോഷകരമായ അവസരത്തിൽ, സമ്മാനങ്ങളോ പൂക്കളോ അയക്കുന്നതിന് പകരം, അനാഥരുടെ ഭാവിക്ക് വേണ്ടി അമാൻ ഫണ്ടിലേക്ക് സംഭാവന നൽകാൻ രാജകുടുംബം അഭ്യർഥിച്ചു.  "ഞങ്ങളുടെ ആദ്യ ചെറുമകളായ ഇമാൻ ബിൻത് അൽ ഹുസൈനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിന് സ്തുതി" – രാജാവ് അബ്ദുള്ള രണ്ടാമൻ എക്സിൽ എഴുതി

30 വയസ്സുള്ള ഹുസൈൻ രാജകുമാരൻ ബ്രിട്ടിഷ് മിലിട്ടറി അക്കാദമിയായ സാൻഡ്‌ഹർസ്റ്റിൽ നിന്നും യുഎസിലെ ജോർജ് ടൗൺ സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. അബ്ദുള്ള രാജാവിന്‍റെയും റാനിയ രാജ്ഞിയുടെയും മൂത്ത മകനാണ് ഹുസൈൻ രാജകുമാരൻ. 2009 ജൂലൈയിൽ 15 വയസ്സുള്ളപ്പോൾ  കിരീടാവകാശിയായി. 

സൗദി വ്യവസായി ഖാലിദ് ബിൻ മുസൈദ് അൽ സെയ്ഫിന്‍റെയും അസ്സ ബിൻത് നായിഫ് അൽ സുദൈരിയുടെയും മകളായി റിയാദിലാണ് റജ്‍വ അൽ സെയ്ഫ് ജനിച്ചത്. റജ്‍വ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം സൗദി അറേബ്യയിലും ഉന്നത വിദ്യാഭ്യാസം ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ നിന്നുമാണ് പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷം ജൂൺ ഒന്നിന് ജോർദാനിലെ അമ്മാനിൽ സഹ്‌റാൻ കൊട്ടാരത്തിലായിരുന്നു ഇവരുടെ വിവാഹം. ആഡംബരപൂർവം വാഹനഘോഷയാത്രയോടെയാണ് വധുവരന്മാരെ കൊട്ടാരത്തിലേക്ക് ആനയിച്ചത്. രാജകുടുംബാംഗങ്ങളും രാഷ്ട്രത്തലവന്മാരും ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. റിയാദിലായിരുന്നു വിവാഹനിശ്ചയ ചടങ്ങ്. 

English Summary:

Jordanian Crown Prince Hussein and Princess Rajwa Welcome a Daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com