യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഏകീകൃത ഫീസ്
Mail This Article
ദുബായ് ∙ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഏകീകരിച്ച ഫീസ് ഘടന നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എക്സ്പ്രസ് ചാർജിങ് ഒരു യൂണിറ്റിന് 1.20 ദിർഹവും സ്ലോ ചാർജിന് ഒരു യൂണിറ്റിന് 70 ഫിൽസുമാണ് നിരക്ക്. ഇതിനു പുറമെ നികുതിയും നൽകണം.
ഏകീകരിച്ച ചാർജിങ് ഫീസ് എന്നുമുതൽ ഈടാക്കുമെന്നു പ്രഖ്യാപിച്ചിട്ടില്ല. ഇ–വാഹന ചാർജിങ് ഫീസ് ഏകീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം ജൂലൈ 8ന് സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ചാർജിങ്ങിന് ഫീസ് ഇടാക്കാനുള്ള തീരുമാനം അടുത്ത മാസം നിലവിൽ വരുമെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം വന്നിട്ടില്ല.
ഭൂരിഭാഗം സ്ഥലങ്ങളിലും ഇ–വാഹന ചാർജിങ് സൗജന്യമാണ്. എന്നാൽ ചിലയിടങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫീസ് ഏകീകരിക്കാനും പണം വാങ്ങുന്നതിൽ നിയന്ത്രണം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചത്. ഫീസുമായി ബന്ധപ്പെട്ട മുഴുവൻ നിയന്ത്രണങ്ങളും മന്ത്രിസഭയിൽ നിക്ഷിപ്തമാക്കി. ഫീസ് വർധന, കുറയ്ക്കൽ, ഫീസിൽ വരുത്തേണ്ട ഭേദഗതി അടക്കം മുഴുവൻ തീരുമാനങ്ങളും മന്ത്രിസഭയെടുക്കും.
100 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇവി
സർക്കാർ ഉടമസ്ഥതയിലുള്ള വെഹിക്കിൾ ചാർജിങ് ശൃംഖലയായ യുഎഇവി രാജ്യം മുഴുവൻ 100 ചാർജിങ് സ്റ്റേഷനുകളാണ് പുതിയതായി സ്ഥാപിക്കുന്നത്. ഇതിനു പുറമെ അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) 500 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ തുറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇ വാഹന വിൽപന കൂടി
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിലാണ് പുതിയ ചാർജിങ് സ്റ്റേഷനുകളും ഏകീകരിച്ച ഫീസ് ഘടനയും നിലവിൽ വരുന്നത്. കഴിഞ്ഞ വർഷം വിറ്റ വാഹനങ്ങളിൽ 11.3% ഇ–കാറുകളായിരുന്നു. 2022ൽ ഇത് വെറും 3.7% ആയിരുന്നു. ചാർജിങ്ങിനു ഫീസ് ഈടാക്കിയാൽ പോലും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഡിമാൻഡ് കുറയില്ലെന്നാണ് പ്രതീക്ഷ. പെട്രോൾ ലീറ്ററിനു 3 ദിർഹം നൽകുമ്പോൾ ഇലക്ട്രിക് ചാർജിന് 70 ഫിൽസ് മാത്രമാണ് ചെലവ്. അതിവേഗ ചാർജിങ്ങിനു പോലും 1.20 ദിർഹം മാത്രമേ ചെലവാകുന്നുള്ളൂ. ചാർജിങ് സൗജന്യമായതിനാൽ വെറുതെ കുത്തിയിട്ട് 100% ചാർജ് ആക്കാൻ വരുന്നവർ അത്യാവശ്യക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ചാർജിങ് സ്റ്റേഷനിലെ പതിവു കാഴ്ചയാണ്. ഫീസ് ഈടാക്കാൻ തുടങ്ങുന്നതോടെ ചാർജിങ് സ്റ്റേഷനുകളിൽ ആവശ്യക്കാർ മാത്രമാകും വരിക.