ADVERTISEMENT

മസ്‌കത്ത് ∙ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ. തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ഇന്ന് രാവിലെയോടെ ശക്തമായി. ഇസ്‌കി-സിനാവ് റോഡില്‍ അഞ്ച് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ പെട്ട് (മലവെള്ളപ്പാച്ചില്‍) ഒരു കുട്ടി മരിച്ചതായും നാല് പേരെ രക്ഷപ്പെടുത്തിയതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവരെ ഇബ്ര റഫന്‍സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. മറ്റൊരു സംഭവത്തില്‍ വാദി ബനീ ഹനിയില്‍ വാദിയില്‍ പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി എയര്‍ലിഫ്റ്റ് ചെയ്തതായും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഒമാന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ എത്തിയ മഴ തുടരുകയാണ്. ബുറൈമി, സുവൈഖ്, ഖാബൂറ, റുസ്താഖ്, ആമിറാത്ത്, മുസന്ന, ഇസ്‌കി, സഹം, ഹംറ, നഖല്‍  തുടങ്ങിയ വിലായത്തുകളുടെ വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴ പെയ്തത്. മഴ പെയ്ത പ്രദേശങ്ങളില്‍ വാദികള്‍ നിറയുകയും താപനില താഴുകയും ചെയ്തു. മലമുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയതോടെ വാദികള്‍ പലതും നിറഞ്ഞ് വെള്ളം റോഡുകളിലേക്കൊഴുകി. ചിലയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. 

ഒമാനില്‍ കനത്ത മഴ ലഭിക്കുമെന്നും മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച വരെ മഴ തുടരും. മിക്ക വടക്കന്‍ ഗവര്‍ണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അസ്ഥിര കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

25 മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. 15 മുതല്‍ 25 നോട്ട് വരെ വേഗത്തില്‍ കാറ്റു വീശും. തീരദേശങ്ങളില്‍ തിരമാല ഉയരും. കടല്‍ പ്രബക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഒമാന്‍ കടലിന്റെ തീരങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നേക്കും. മുഴുവന്‍ ആളുകളും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വാദികള്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.

English Summary:

Oman Flooding Leaves Child Dead, Issues Rain Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com