പ്രവാസി വിദ്യാർഥികൾക്ക് തൊഴിൽ നേടാൻ 'ഒഖൂലുമായി' ഖത്തർ
Mail This Article
ദോഹ ∙ ഖത്തർ തൊഴിൽ മന്ത്രാലയം നിർമിത ബുദ്ധിയിലധിഷ്ഠിതമായ പുതിയ തൊഴിൽ പ്ലാറ്റ്‌ഫോം 'ഒഖൂൽ' അവതരിപ്പിച്ചു. ഖത്തറിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കിയ പ്രവാസി വിദ്യാർഥികൾക്ക് സ്വകാര്യ മേഖലയിൽ എളുപ്പത്തിൽ ജോലി കണ്ടെത്താനും കമ്പനികൾക്ക് അനുയോജ്യമായ ജീവനക്കാരെ കണ്ടെത്താനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും.
ഗൂഗിൾ ക്ലൗഡ്, മന്നായ് ഇൻഫോടെക് എന്നിവയുമായി ചേർന്ന് വികസിപ്പിച്ച 'ഒഖൂൽ' സിവി തയ്യാറാക്കൽ, തൊഴിൽ അപേക്ഷ, അഭിമുഖം, കരാർ എന്നീ എല്ലാ ഘട്ടങ്ങളും ഡിജിലാക്കിയിരിക്കുന്നു. നിർമിത ബുദ്ധി ഉപയോഗിച്ച് അപേക്ഷകന്‍റെ യോഗ്യതകൾ വിലയിരുത്തി അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ പ്ലാറ്റ്‌ഫോം സഹായിക്കും.
ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ കുടിയേറ്റ തൊഴിലാളി വിഭാഗം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഷെയ്ക്ക നജ്‌വ ബിൻത് അബ്ദുറഹ്മാൻ അൽതാനിയുടെ അഭിപ്രായത്തിൽ, 'ഒഖൂൽ' രാജ്യത്തെ തൊഴിൽ വിപണിയിൽ ഏറ്റവും മികച്ച ജീവനക്കാരെ എത്തിക്കാനും വിവിധ സർവകലാശാലകളിൽ പഠിക്കുന്നവർക്ക് മികച്ച തൊഴിൽ നേടിയെടുക്കാനും സഹായിക്കും. നിർമിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതിക വിദ്യ എങ്ങനെ തൊഴിൽ റിക്രൂട്ട്‌മെന്‍റിൽ ഉപയോഗപ്പെടുത്താം എന്നതിന്‍റെ മികച്ച മാതൃകയാണ് 'ഒഖൂൽ' എന്ന് ഗൂഗിൾ ക്ലൗഡ് ഖത്തർ റീജനൽ ഡയറക്ടർ ഗസ്സാൻ കോസ്റ്റ പറഞ്ഞു.