'ഷാർജ ബീച്ച് ഫെസ്റ്റിവലി'ന്‍റെ ഉദ്ഘാടന പതിപ്പ് ഈ മാസം 15 മുതൽ
Mail This Article
ഷാർജ∙ 'ഷാർജ ബീച്ച് ഫെസ്റ്റിവലി'ന്‍റെ ഉദ്ഘാടന പതിപ്പ് ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി (ഷൂറൂഖ്) പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ വൈകിട്ട് 4 മുതൽ രാത്രി 10 വരെ അൽ ഹീറ ബീച്ചിലാണ് പരിപാടി.
വാട്ടർ ആൻഡ് ബീച്ച് സ്‌പോർട്‌സ് സോൺ പാഡിൽ ബോർഡിങ് ബീച്ച് വോളിബോൾ, സോക്കർ തുടങ്ങിയ ജല കായിക വിനോദങ്ങൾ, ഹെൽത്ത് ആൻഡ് വെൽനസ് സോൺ യോഗ, എയ്‌റോബിക്‌സ്, സുംബ, സൂര്യാസ്തമയ ധ്യാന ക്ലാസുകൾ തുടങ്ങിയ പരിപാടികളും അരങ്ങേറും. എന്‍റർടൈൻമെന്‍റ് സോണിൽ ദിവസേനയുള്ള സംഗീത പരിപാടികൾ, ഔട്ട്ഡോർ ബീച്ച് സിനിമ, വായന സെഷനുകൾ, പപ്പറ്റ് ഷോകൾ, കുട്ടികൾക്കും കൗമാരക്കാർക്കും മുതിർന്നവർക്കും വേണ്ടിയുള്ള ഗെയിമുകളും വർക്ക്ഷോപ്പുകളും ഉണ്ടായിരിക്കും.
രാജ്യാന്തര തലത്തിലും പ്രാദേശികവുമായ വിഭവങ്ങൾ വിളമ്പുന്ന റസ്റ്ററന്‍റുകളും കഫേകളും കൂടാതെ പരമ്പരാഗത കരകൗശല വിപണിയിലൂടെ സന്ദർശകർക്ക് സവിശേഷമായ സാംസ്കാരികവും വാണിജ്യപരവുമായ അനുഭവം സ്വന്തമാക്കാം. സന്ദർശകർക്കും താമസക്കാർക്കും ഇഷ്ടപ്പെട്ട സ്ഥലമായി എമിറേറ്റിനെ മാറ്റാനുള്ള അശ്രാന്ത പരിശ്രമത്തിന് ഈ ഉത്സവം ഒരു സാക്ഷ്യമാണെന്ന് അൽ ഹീറ ബീച്ച് ആൻഡ് അൽ മൊണ്ടാസ പാർക്ക് മാനേജർ ഖാലിദ് അൽ അലി പറഞ്ഞു. ഷാർജ ബീച്ച് ഫെസ്റ്റിവലിലൂടെ ഷാർജയുടെ വിപുലമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക ലക്ഷ്യമാണ്. പ്രത്യേകിച്ച് അതിമനോഹരമായ ബീച്ചുകൾ, സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഒരു ജനപ്രിയ വേനൽക്കാല കേന്ദ്രമാക്കും. ഈ ഉത്സവം എമിറേറ്റിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.