യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വീസ ഓൺ അറൈവൽ സൗകര്യവുമായ് ഇന്ത്യ
Mail This Article
അബുദാബി ∙ യുഎഇ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വീസ ഓൺ അറൈവൽ സൗകര്യവുമായ് ഇന്ത്യ. 60 ദിവസത്തേക്കായിരിക്കും വീസ ഓൺ അറൈവൽ സൗകര്യം ലഭ്യമാകുകയെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസം, ബിസിനസ്, കോൺഫറൻസ്, മെഡിക്കൽ ആവശ്യങ്ങൾക്കായി രാജ്യത്ത് എത്തുന്ന സഞ്ചാരികൾക്ക് ഇത് പ്രയോജനപ്പെടുത്താം. ആറ് നിയുക്ത വിമാനത്താവളങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.
വീസ ഓൺ അറൈവലിന് പുറമേ, 167 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) ഉപയോഗിച്ച് മന്ത്രാലയം ഇ-വീസ സൗകര്യവും വിപുലീകരിച്ചിട്ടുണ്ട്. ഇ-വീസ ഉപയോഗിച്ച് 30 നിയുക്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആറ് പ്രധാന തുറമുഖങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. ഇതുവഴി യാത്രക്കാർക്ക് എളുപ്പത്തിൽ ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യത ഉയരുന്നു.
ടൂറിസം വികസനത്തിന്റെ ഭാഗമായ് മന്ത്രാലയം 2014-2015ൽ സ്വദേശ് ദർശൻ പദ്ധതി ആരംഭിച്ചിരുന്നു. ഈ സ്കീം ഇപ്പോൾ സ്വദേശ് ദർശൻ 2.0 എന്ന പേരിൽ നവീകരിച്ചിരിക്കുന്നു. 15 സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിച്ച് സഞ്ചാരികളുടെ സുരക്ഷയ്ക്കായ് ടൂറിസ്റ്റ് പൊലീസിനെ ഇന്ത്യൻ ടൂറിസം മന്ത്രാലയം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും സേവനം ചെയ്യുന്ന ബഹുഭാഷാ ടൂറിസ്റ്റ് ഇൻഫോ-ഹെൽപ്‌ലൈനും സജ്ജീകരിച്ചിട്ടുണ്ട്.