ജിസാൻ പ്രളയം: അഞ്ചു ദിവസത്തിനിടെ മരിച്ചത് ഏഴു പേര്‍, മിന്നലേറ്റ് കാർ കത്തി നശിച്ചു
Mail This Article
ജിസാന്‍ ∙ തുടർച്ചയായി പെയ്ത മഴയിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ജിസാനിൽ മരിച്ചത് ഏഴുപേർ. രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴക്കാണ് ജിസാന്‍ സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് രണ്ടിന് അഹദ് അല്‍മസാരിഹക്ക് വടക്കുകിഴക്ക് വാദി മസല്ലയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് സൗദി പൗരനും ഭാര്യയും മരണപ്പെട്ടു. അതേ ദിവസം തന്നെ അഹദ് അല്‍മസാരിഹയെയും സ്വബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ പാലം ശക്തമായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് കാര്‍ യാത്രക്കാരായ സൗദി ദമ്പതികള്‍ മരിച്ചു.
അല്‍മൗസിമിലെ വാദി ബിന്‍ അബ്ദുല്ലയില്‍ ഒഴുക്കില്‍ പെട്ട് മൂന്നു കുട്ടികള്‍ മരിച്ചു. 13 വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളും 35 വയസ്സുകാരനുമാണ് മരിച്ചത്. വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവും ശക്തമായ ഒഴുക്കില്‍ പെട്ട് മരിക്കുകയായിരുന്നു. മൂവരുടെയും മൃതദേഹങ്ങള്‍ പിന്നീട് സിവില്‍ ഡിഫന്‍സ് പുറത്തെടുത്ത് അല്‍മൗസിം ആശുപത്രിയിലേക്ക് നീക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങള്‍ പിന്നീട് അല്‍മൗസിമിലെ അല്‍അബ്ദലിയ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
അതിനിടെ, ജിസാനിൽ മിന്നലേറ്റ് കാർ കത്തി നശിച്ചു. ജിസാന്‍ എക്‌സ്പ്രസ്‌വേയിലാണ് മിന്നലേറ്റ് കാര്‍ കത്തിനശിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജിസാനില്‍ മറ്റൊരിടത്ത് മിന്നലേറ്റ് വീടിന്റെ ടെറസ്സില്‍ ഗോവണിയുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.
മക്കയ്ക്ക് കിഴക്ക് ബദാലയില്‍ അഞ്ചു പേര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ശക്തമായ ഒഴുക്കില്‍ പെട്ടവരില്‍ ഒരാള്‍ സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകട സമയത്ത് താഴ്‌വരയുടെ കരയില്‍ ഏതാനും പേരുണ്ടായിരുന്നെങ്കിലും ഒഴുക്കില്‍ പെട്ടവരെ ആര്‍ക്കും രക്ഷിക്കാന്‍ കഴിഞ്ഞില്ല.