പൊതുഗതാഗത നിയമലംഘനങ്ങൾ; പിഴ ഒഴിവാക്കാൻ അപ്പീൽ നൽകാം, ഒപ്പം രേഖകളും
Mail This Article
ദുബായ് ∙ മെട്രോ, ട്രാം, ബസ്, ബോട്ട് യാത്രകളിലെ നിയമലംഘനങ്ങൾക്കു ലഭിച്ച ശിക്ഷയിൽ പരാതികളുണ്ടെങ്കിൽ പിഴ ഒഴിവാക്കാൻ ഇപ്പോൾ അപേക്ഷിക്കാം. മെട്രോ, ട്രാം എന്നിവയിലെ നിയമലംഘനങ്ങൾക്കു പിഴ ഒഴിവാക്കാൻ 7 രേഖകളും ബസ്, ജലഗതാഗത സംവിധാനം എന്നിവയിലെ പിഴ ഒഴിവാക്കാൻ 5 രേഖകളുമാണ് ആവശ്യമുള്ളത്.
നിയമലംഘനം സംബന്ധിച്ച് ലഭിച്ച അറിയിപ്പിലെ നമ്പറാണ് ഒരെണ്ണം. പിഴ അടച്ച ശേഷമാണ് നീതിപൂർവമായിരുന്നില്ലെന്ന് തോന്നിയതെങ്കിൽ ബാങ്ക് അക്കൗണ്ടും അപേക്ഷയിൽ ചേർക്കണം. ആർടിഎ പരിശോധനാ ഉദ്യോഗസ്ഥന്റെ പക്കൽ നേരിട്ടോ സേവനകേന്ദ്രങ്ങൾ വഴിയോ ആണ് പിഴ അടച്ചതെങ്കിൽ പണമടച്ച രസീത് രേഖകളിൽ ഉൾപ്പെടുത്തണം.
നിയമലംഘനം രേഖപ്പെടുത്തിയതിന്റെ പകർപ്പും അപേക്ഷയോടൊപ്പം വയ്ക്കണം. നോൽ കാർഡ് അല്ലെങ്കിൽ കാർഡിന്റെ പുറത്തെ നമ്പറാണ് മറ്റൊരു രേഖ. സന്ദർശക വീസയിൽ എത്തിയ വ്യക്തിക്കാണ് പിഴ ലഭിച്ചതെങ്കിൽ വീസ പകർപ്പ്, രാജ്യത്തേക്ക് പ്രവേശിച്ച മുദ്ര, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയും അപേക്ഷയ്ക്കൊപ്പം ചേർക്കണം.
ഇതിനു പുറമേ, പിഴയ്ക്കെതിരായ അനുബന്ധ തെളിവുകളും നൽകാം. ബസ്, ജലഗതാഗത പിഴയ്ക്കെതിരെ നൽകേണ്ട രേഖകൾ നിയമലംഘന നമ്പർ, പണമടച്ചെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്പോർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി, പിഴ അടച്ചതിന്റെ രസീത്.