ADVERTISEMENT

അബുദാബി ∙ സിം കാർഡ് മോഷ്ടിച്ച് 4 വർഷത്തോളം ഉപയോഗിച്ച സ്ത്രീക്ക് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി 1.18 ലക്ഷം ദിർഹം പിഴ ചുമത്തി. പ്രതിയായ സ്ത്രീ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോൾ തൊഴിലുടമ നൽകിയതാണു ഫോണും സിം കാർഡും. ജോലി അവസാനിപ്പിച്ചപ്പോൾ ഇവ തിരികെ നൽകിയില്ല. 4 വർഷം ഈ സിം ഉപയോഗിച്ച് ഫോൺ വിളികൾ നടത്തിയത് വഴി ആകെ 1.18 ലക്ഷം ദിർഹത്തിന്റെ ബാധ്യത സിം കാർഡ് ഉടമയ്ക്കു വന്നു.

ബിൽ തുകയും ഫോണുമായി ബന്ധപ്പെട്ട് എന്തെങ്കിലും അധിക ചെലവുണ്ടായിട്ടുണ്ടെങ്കിൽ അതും വക്കീൽ ഫീസും പ്രതിയിൽ നിന്ന് ഈടാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ഹർജിക്കാരനുണ്ടായ സാമ്പത്തിക ബാധ്യതയും മാനസിക ബുദ്ധിമുട്ടുകളും പ്രത്യേകം പരിഗണിച്ച കോടതി പിഴ അടയ്ക്കുന്നതിനൊപ്പം കോടതി ചെലവുകൾ കൂടി പ്രതി നൽകണമെന്ന് ഉത്തരവിട്ടു.

അതേസമയം, ഭാവിയിൽ ഈ സിം കാർഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവുകൾക്കും സ്ത്രീയെ ഉത്തരവാദിയാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. സിം കാർഡ് ഇപ്പോഴും പ്രതി ഉപയോഗിക്കുന്നുണ്ടെന്ന് കോടതിയിൽ തെളിയിക്കാൻ ഹർജിക്കാരനു സാധിക്കാത്ത സാഹചര്യത്തിലാണിത്. സമൻസ് അയച്ചിരുന്നെങ്കിലും പ്രതി കോടതിയിൽ ഹാജരായില്ല. പ്രതി ഏത് രാജ്യക്കാരിയാണെന്ന് കോടതി വെളിപ്പെടുത്തിയിട്ടില്ല.

English Summary:

Woman ordered to pay 118 lakh rupees for stealing a SIM card in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com