സുഹൈൽ ഫാൽക്കൺ ഫെസ്റ്റിവൽ സെപ്റ്റംബർ 10 മുതൽ
Mail This Article
ദോഹ ∙ വിവിധ ഇനം ഫാൽക്കൺ പക്ഷികളുടെ പ്രദർശനവും വിൽപനയും ഫാൽക്കൺ വേട്ടക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനവും ഒരുക്കുന്ന സുഹൈൽ ഫാൽക്കൻ ഫെസ്റ്റിൽ അടുത്തമാസം ഖത്തറിൽ നടക്കും.‘സുഹൈൽ’ ഫാൽക്കൺ ഫെസ്റ്റിവൽ സെപ്റ്റംബർ പത്ത് മുതൽ 14 വരെ കതാറ കൾചറൽ വില്ലേജിലാണ് നടക്കുക. പോളണ്ട്, ഓസ്ട്രിയ, പോർചുഗൽ, റഷ്യ ഉൾപ്പെടെ 21 രാജ്യങ്ങളാണ് എട്ടാമത് രാജ്യാന്തര ഫാൽക്കൺ മേളയിൽ പങ്കെടുക്കുന്നത്. ഇതിനുപുറമെ 300 ലധികം കമ്പനികളും ഈ വർഷത്തെ ഫാൽക്കൺ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഫാൽക്കൺ വേട്ടക്കായി ഉപയോഗിക്കുന്ന ആയുധങ്ങൾ, ഉപകരണങ്ങൾ, കാമ്പിങ് ഉപകരണങ്ങൾ, കാർ, മരുഭൂമിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക വാഹനങ്ങൾ എന്നിവയുയുടെ പ്രദർശനവും വില്പനയുമായാണ് കമ്പനികൾ ഫെസ്റ്റിവലിൽ എത്തുന്നത്. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ജിസിസിയിലെ തന്നെ ഏറ്റവും വലിയ ഫാൽക്കൺ മേളകളിലൊന്നായ സുഹൈൽ സംഘടിപ്പിക്കുന്നത്. വിവിധ ബ്രാൻഡുകൾക്ക് തങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനും ഇത്തവണ അവസരമൊരുക്കുന്നുണ്ട്.
മുന്തിയ ഇനം ഫാൽകൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമാണ് മേളയുടെ പ്രധാന ആകർഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫാൽക്കൺ പക്ഷി വളർത്തുകാരും പ്രേമികളുമെല്ലാം മേളയുടെ ഭാഗമായെത്തും. മേളയുടെ ഭാഗമായ വേട്ട ആയുധങ്ങളുടെ ലൈസൻസിനായി ഓഗസ്റ്റ് 10 മുതൽ 19 വരെ മെട്രാഷ് രണ്ട് വഴി അപേക്ഷിക്കാവുന്നതാണ്. 2017 മുതലാണ് കതാറ കൾചറൽ വില്ലേജ് നേതൃത്വത്തിൽ എ സുഹൈൽ ഫാൽക്കൺ മേള തുടക്കം കുറിച്ചത്. ഓരോ വർഷവും ആയിരക്കണക്കിന് സന്ദർശകരും വൻ തുകയുടെ വിൽപനയും മേളയിൽ നടക്കാറുണ്ട്. കേരളത്തിൽ നിന്നും ഈ മേഖലയിൽ പ്രാവീണ്യമുള്ളവർ ഫാൽക്കൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്താറുണ്ട്.