ദയാധനം നൽകി ജീവകാരുണ്യ സംഘടന; 5 പേരുടെ മോചനത്തിന് വഴിതെളിയുന്നു, അഭിനന്ദിച്ച് ഷെയ്ഖ് അർഹാമ
Mail This Article
റാസൽഖൈമ∙ വ്യത്യസ്ത നരഹത്യക്കേസുകളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് പുതിയ ജീവിതം ആരംഭിക്കാൻ അവസരം ലഭിച്ചു. പ്രതികൾ നൽകേണ്ടിയിരുന്ന 12 ലക്ഷം ദിർഹം ദയാധനം(ബ്ലഡ് മണി) റാസൽ ഖൈമയിലെ അജർ ചാരിറ്റി ഫൗണ്ടേഷൻ അടച്ചതോടെയാണ് ഇത്. മനുഷ്യസ്‌നേഹികളുടെ സംഭാവനകളിലൂടെ മോചനം സാധ്യമാക്കിയത്.
സംഘടനയുടെ പ്രവർത്തനങ്ങൾക്കും അന്തേവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള ജീവകാരുണ്യ പരിപാടികളെ പിന്തുണച്ച ഉദാരമതികൾക്ക് ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് അർഹാമ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമി നന്ദി പറഞ്ഞു. എമിറാത്തി സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദയാദനം കൈമാറുന്ന നടപടികൾ പൂർത്തിയാക്കി കേസ് തീർപ്പാക്കുന്നതോടെ കുറ്റവാളികൾക്ക് നാട്ടിലേക്ക് മടങ്ങാനും കുടുംബത്തോടൊപ്പം ജീവിക്കാനും കഴിയും. ഇതിന് പിന്തുണ നൽകി യുഎഇ നേതാക്കളെ ഷെയ്ഖ് അർഹാമ അഭിനന്ദിച്ചു. രാജ്യത്ത് ജീവിതത്തെ മാറ്റിമറിക്കുന്ന ജീവകാരുണ്യ സംരംഭങ്ങൾക്കായി പൗരന്മാരും പ്രവാസികളും നടത്തുന്ന ശ്രമങ്ങള്‍ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.