ADVERTISEMENT

ദുബായ് ∙ ഉദ്യോഗസ്ഥ ഇടപടൽ പരമാവധി കുറച്ച് സർക്കാർ സേവനം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന സീറോ ബ്യൂറോക്രസി പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ധനമന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. വ്യവസായ അന്തരീക്ഷം വളർത്തുക, ജനങ്ങൾക്കു  മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുക, 2031 ലക്ഷ്യമാക്കി യുഎഇ നടപ്പാക്കുന്ന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുക എന്നിവ മുൻ നിർത്തിയുള്ള പരിഷ്കാരങ്ങളാണ് ധനമന്ത്രാലയത്തിൽ നടപ്പാക്കുന്നത്. 

സീറോ ബ്യൂറോക്രസിക്കു മികച്ച ആശയങ്ങളും രൂപവുമാണ് പൊതുജന അഭിപ്രായത്തിലൂടെ മന്ത്രാലയം തേടുന്നത്. ജനങ്ങളുടെ കൂടി പങ്കാളിത്തമുള്ള കസ്റ്റമർ കൗൺസിലിനും രൂപം നൽകും. സർക്കാർ നടപടി ക്രമങ്ങളിൽ എവിടെയെല്ലാമാണ് കാലതാമസം, ഏന്തെല്ലാം ഒഴിവാക്കണം, എങ്ങനെയാണ് സീറോ ബ്യൂറോക്രസി നടപ്പാക്കേണ്ടത് എന്നിങ്ങനെയുള്ള ആശയങ്ങളാണ് തേടുന്നത്. താൽപര്യമുള്ളവർക്ക് ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അഭിപ്രായം അറിയിക്കാം.

സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനു സേവനങ്ങൾ, ചട്ടങ്ങൾ എന്നിവയിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാം, എന്തെല്ലാം ചട്ടങ്ങൾ ഒഴിവാക്കാം, എന്തെല്ലാം നടപടികൾ കുറയ്ക്കാം തുടങ്ങിയ കാര്യങ്ങളിലാണ് അഭിപ്രായം തേടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ജനങ്ങളുമായുള്ള ഇടപെടലിൽ പരമാവധി സുതാര്യത ഉറപ്പുവരുത്താനും ഭരണ നിർവഹണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും മന്ത്രാലയം ആഗ്രഹിക്കുന്നു. ഇതുവഴി സർക്കാർ നടപടികൾ മികച്ചതും ലളിതവുമാക്കാം എന്നാണ് പ്രതീക്ഷ.

∙ സർവേയിലെ ചോദ്യങ്ങൾ
ധനമന്ത്രാലയത്തിലെ നിലവിലെ നടപടികളെ കുറിച്ചുള്ള അഭിപ്രായമാണ് സർവേയിലെ ആദ്യ ചോദ്യം. നിലവിലെ ചട്ടങ്ങളുടെ ഗുണവും ദോഷവും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താം. അടിയന്തരമായി സീറോ ബ്യൂറോക്രസി നടപ്പാക്കേണ്ട വിഭാഗം ഏത് എന്നതാണ് രണ്ടാമത്തെ ചോദ്യം. സീറോ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ടു ജനങ്ങളുടെ നിർദേശമാണ് മൂന്നാം ചോദ്യം. ഇതിനു പുറമെ മറ്റെന്തെങ്കിലും ആശയമോ നിർദേശമോ ഉണ്ടെങ്കിൽ അതിനുള്ള ഇടവും സർവേയിലുണ്ട്.

English Summary:

Zero Bureaucracy Project Services Directly to People; Finance Ministry Looking for Ideas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com