അനധികൃത നിർമാണം: ബഹ്‌റൈൻ സർക്കാർ അനുവദിച്ച വീട് ഒഴിഞ്ഞ് കൊടുക്കാൻ ഉത്തരവിട്ട് കോടതി
Mail This Article
മനാമ∙ സർക്കാർ നൽകിയ വീട്ടിൽ അനധികൃത നിർമാണ നടത്തിയ വനിതയ്ക്ക് വീട് നഷ്ടമായി. ബഹ്‌റൈൻ വനിതയോട് അഡ്മിനിസ്ട്രേറ്റീവ് കോടതി, വീട് ഒഴിയണമെന്നും താക്കോൽ ഭവന മന്ത്രാലയത്തിന് തിരിച്ചേൽപ്പിക്കണമെന്നും ഉത്തരവിട്ടു.
വർഷങ്ങളോളം വീട് ഒഴിഞ്ഞുകിടന്നിരുന്നു എന്നും, ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിൽ നിന്ന് പെർമിറ്റ് വാങ്ങാതെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നും മന്ത്രാലയത്തിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഭവന കരാറിന്‍റെ നിബന്ധനകൾ ലംഘിച്ചതിനാലാണ് വനിതയ്ക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വ്യക്തമാക്കി. കെട്ടിടത്തിലോ അതിന്‍റെ അനുബന്ധങ്ങളിലോ ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് ഭവന ഗുണഭോക്താക്കൾക്ക് വിലക്കുണ്ടെന്നും കോടതി വിധിയിൽ പറയുന്നു.
കരാർ ഒപ്പിട്ട് ആറുമാസത്തിനകം ഗുണഭോക്താവ് യൂണിറ്റ് കൈവശപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ ഭവന യൂണിറ്റ് അനുവദിക്കുന്നത് റദ്ദാക്കാമെന്നും നിയമം അനുശാസിക്കുന്നു. നിയമപരമായി നിർബന്ധിത സമയപരിധിക്കുള്ളിൽ വീട്ടിൽ താമസിക്കുന്നില്ല എന്നതിന്‍റെയും അനധികൃത നിർമാണ പ്രവർത്തനങ്ങളുടെയും തെളിവുകൾ ഭാവന മന്ത്രാലയം കോടതിയിൽ സമർപ്പിച്ചിരുന്നു.
അനുവദിച്ച യൂണിറ്റിൽ താമസിക്കുന്നതിനുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതിൽ സ്ത്രീ ഭവന ചട്ടങ്ങളുടെ ലംഘനം നടത്തിയതായും, അതിന്‍റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കാനുള്ള മന്ത്രാലയത്തിന്‍റെ അവകാശം കോടതി ശരിവയ്ക്കുകയായിരുന്നു.