ടാക്സികൾക്കായി 280 സ്ഥലങ്ങളിൽ 1300 പാർക്കിങ് സൗകര്യം
Mail This Article
ദുബായ് ∙ നഗരത്തിൽ ടാക്സികൾക്കായി കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ വരുന്നു. 280 സ്ഥലങ്ങളിൽ 1300 പാർക്കിങ്ങുകളാണ് ഒരുങ്ങുന്നത്. ഇതിനു പുറമെ 116 സ്മാർട് പാർക്കിങ്ങും നിലവിൽ വരും. ദുബായിലെ ടാക്സികളുടെ എണ്ണം 12,700 കടന്നതായി ആർടിഎ പൊതുഗതാഗത ആസൂത്രണ വകുപ്പ് തലവൻ ആദിൽ ഷക്രി അറിയിച്ചു. ദുബായ് ടാക്സി, കാർസ് ടാക്സി, നാഷണൽ, അറേബ്യ, മെട്രോ എന്നീ 5 കമ്പനികൾക്കു കീഴിലാണ് ഇത്രയും ടാക്സികൾ സർവീസ് നടത്തുന്നത്.
കഴിഞ്ഞ വർഷം മാത്രം പുതിയ 1161 വാഹനങ്ങൾ കൂടി സർവീസിൽ ഉൾപ്പെടുത്തി. നഗരത്തിന്റെ എല്ലാ മേഖലകളിലും ഇപ്പോൾ ടാക്സികൾ സുലഭമാണ്. ദുബായിലെ ഒരു റോഡും ടാക്സി സർവീസിന്റെ പരിധിക്കു പുറത്തല്ലെന്ന് ആദിൽ പറഞ്ഞു. ജനങ്ങളുടെ വിളി എത്തിയാൽ ഉടൻ ടാക്സി എത്തിക്കുന്നതിന് ടാക്സി സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. ബുക്ക് ചെയ്താൽ 3 മിനിറ്റിനകം വാഹനം അരികിലെത്തിക്കാനാണ് ശ്രമം. ഇതിനായി ഇ- റിസർവേഷൻ പ്രയോജനപ്പെടുത്തണമെന്ന് ആദിൽ അഭ്യർഥിച്ചു.