സാങ്കേതികവിദ്യാ വ്യാപനം: പുത്തൻ കാലത്തേക്ക് ദുബായ് ഓഫിസുകൾ, പരിശീലനത്തിനും എഐ
Mail This Article
ദുബായ് ∙ സർക്കാർ ഉദ്യോഗസ്ഥരെ കാലത്തിനൊപ്പം സഞ്ചരിക്കാൻ സജ്ജരാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും (എഐ) മറ്റു സാങ്കേതിക വിദ്യകളിലും ദുബായ് മാനവശേഷി വകുപ്പ് പരിശീലനം നൽകുന്നു. ഉദ്യോഗസ്ഥരുടെ തൊഴിൽവൈദഗ്ധ്യം ഉറപ്പാക്കുന്നതിനും പുതിയ മേഖലകളിലെ ജോലിസംബന്ധമായ അറിവ് വർധിപ്പിക്കുന്നതിനുമാണ് പരിശീലനം നൽകിയത്.
മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. മാനവശേഷി വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി ഉൾപ്പടെയുള്ളവർ പങ്കെടുത്തു. സാങ്കേതികവിദ്യ അതിവേഗം വളരുമ്പോൾ അതിനൊപ്പം വളരാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനാണ് പരിശീലനം നൽകിയതെന്നു അൽ ഫലാസി പറഞ്ഞു.
സർക്കാരിന്റെ എല്ലാ സ്ഥാപനങ്ങളെയും എഐ സാങ്കേതിക സൗകര്യം ഏർപ്പെടുത്തി ലോകത്തിലെ തന്നെ മുൻനിര ഓഫിസുകളാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക തൊഴിൽ വിപണിയിൽ ഏറ്റവും മൂല്യമേറിയ തൊഴിൽ ശക്തിയായി ദുബായിയെ മാറ്റിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം പ്രവർത്തിക്കുന്നതും നിർമിത ബുദ്ധിയിൽ അധിഷ്ഠിതവുമായ സാങ്കേതികവിദ്യയിലൂടെ ലോകത്തുണ്ടാകുന്ന മാറ്റങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തി.
പരമ്പരാഗത തൊഴിലുകൾ അപ്രത്യക്ഷമാകുന്നു
നിലവിലെ തൊഴിൽ മേഖലകളിൽ പലതും അടുത്ത മൂന്നു വർഷത്തിൽ ഇല്ലാതാകുമെന്നാണ് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചർ ഓഫ് ജോബ്സ് റിപ്പോർട്ടിൽ പറയുന്നത്. ക്ലറിക്കൽ ജോലികളാണ് സമീപ ഭാവിയിൽ ഇല്ലാതാകാൻ പോകുന്നത്. സെക്രട്ടറി ജോലികളും ‘വംശനാശ’ ഭീഷണിയിലാണ്.
എടിഎം മെഷീനുകളും ഓൺലൈൻ ബാങ്കിങ്ങും ക്യുആർ കോഡ് സ്കാനിങ്ങുമാണ് ഈ പരമ്പരാഗത തൊഴിൽ മേഖലയെ ഇല്ലാതാക്കുന്നത്. പോസ്റ്റൽ സർവീസ്, കാഷ്യർ, ടിക്കറ്റ് ക്ലാർക്ക് തുടങ്ങിയ ജോലികളും സമീപ ഭാവിയിൽ ഇല്ലാതാകും. എഴുത്ത് ഇടപാടുകൾ കുറഞ്ഞതോടെ പോസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ട ഓഫിസ് ജോലികൾ കുറഞ്ഞു. ഡെലിവറി ജോലിക്കാർ മാത്രമാണ് പിടിച്ചു നിൽക്കുന്നത്. പണം വാങ്ങാൻ പിഒഎസ് മെഷീനുകളും യുപിഐ പേയ്മെന്റുകളും വന്നതോടെ കാഷ്യർമാരുടെ വേരറ്റു തുടങ്ങി. പൊതുഗതാഗത വാഹനങ്ങളിൽ ഇപ്പോൾ ഡ്രൈവർമാർ മാത്രമായി. മെഷീനിൽ സ്കാൻ ചെയ്താൽ ടിക്കറ്റു ലഭിക്കുമെന്നതിനാൽ അതിനു മാത്രമായി ഒരു ജോലിക്കാരന്റെ ആവശ്യം ഇല്ലാതായി.
ഇത്തരത്തിൽ പരമ്പരാഗത തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു സാങ്കേതിക പരിശീലന പരിപാടിയുടെ ലക്ഷ്യം. തൊഴിലിലെ വൈദഗ്ധ്യം സംബന്ധിച്ചുള്ള പരിഗണനകളിൽ അടുത്ത 5 വർഷത്തിനുള്ളിൽ 44% മാറ്റമുണ്ടാകുമെന്നാണ് പ്രവചനം. നിലവിലുള്ള ജീവനക്കാരുടെ ശേഷി കാലത്തിനൊത്തു പുതുക്കിയില്ലെങ്കിൽ മാറ്റത്തിന്റെ ഘട്ടത്തിൽ അത്രയും മാനവശേഷി ഉപയോഗമില്ലാതെ പോകും. അതിവേഗം പിരിച്ചുവിടലിനു വിധേയരാകാതിരിക്കാൻ കാലത്തിനൊത്തു മാറുക എന്ന നയം തൊഴിലാളികൾ സ്വീകരിക്കുകയാണ് ഇനിയുള്ള മാർഗം. അടിസ്ഥാന തൊഴിൽ മേഖലയുടെ നിർവചനം തന്നെ മാറി. വാതിലുകൾക്ക് നമ്പർ ലോക്കും ഐഡി കാർഡ് സ്കാനറും വന്നതോടെ വാതിൽ തുറക്കാൻ നിന്നിരുന്ന സെക്യൂരിറ്റികൾ ഇല്ലാതായത് വർത്തമാന കാലത്തെ നേർചിത്രമാണ്.
ജോലിക്കാരെയല്ല, വേണ്ടത് മികവുള്ളവരെ
പണ്ട് ജോലി ചെയ്യാനാണ് ആളെ എടുത്തിരുന്നതെങ്കിൽ ഇപ്പോൾ പ്രത്യേക കഴിവുകൾ പരിഗണിച്ച്, നിർണായക ഇടപെടൽ നടത്താൻ കഴിയുന്നവരെയാണ് എടുക്കുന്നതെന്ന് ദുബായിലെ പുതിയ സാഹചര്യം വ്യക്തമാക്കുന്നതായി പരിശീലനപരിപാടി വ്യക്തമാക്കുന്നു. ഹരിത സമ്പദ്‌വ്യവസ്ഥ, സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത, നേതൃപദവിയുടെ പ്രാധാന്യം, മനുഷ്യവിഭവ ശേഷി സംബന്ധിച്ച കൃത്യമായ ധാരണ തുടങ്ങിയവയാണ് ആധുനിക തൊഴിൽ മേഖലയുടെ പരിഗണനാ വിഷയങ്ങൾ.
സാങ്കേതിക അറിവാണ് ആധുനിക തൊഴിൽ മേഖലയിലെ അടിസ്ഥാന യോഗ്യത. എഐയെക്കുറിച്ചുള്ള ധാരണ, ജീവിതാവസാനം വരെയും പഠനം തുടരാനുള്ള മാനസികാവസ്ഥ, അറിവുകൾക്ക് അനുസരിച്ചു സ്വയം പുതുക്കപ്പെടാനുള്ള സന്നദ്ധത തുടങ്ങിയവയാണ് പുതിയ കാലത്തെ തൊഴിൽ മേഖലയുടെ ആവശ്യങ്ങൾ.