ഒമാനില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ നാടുകടത്തും; തിരികെ വരാനാകില്ല
Mail This Article
മസ്‌കത്ത് ∙ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പിഴയൊടുക്കി തെറ്റ് തിരുത്താന്‍ അവസരമൊരുക്കി തൊഴില്‍ മന്ത്രാലയം. എന്നാല്‍, നിയമലംഘനം തുടര്‍ന്നാല്‍ നാടുകടത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും തൊഴില്‍ മന്ത്രാലയം പുതിയ ഉത്തരവില്‍ വ്യക്തമാക്കി. തിരികെ ഒമാനിലേക്ക് മടങ്ങിവരാന്‍ സാധിക്കാത്ത നിലയിലാകും രാജ്യത്ത് നിന്നും മടക്കി അയക്കുക. നിയമലംഘകരെ നാടുകടത്തുന്നതിനുള്ള ചെലവ് തൊഴിലുടമയുടെയോ അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെയോ ഉത്തരവാദിത്വമായിരിക്കും.
സ്വദേശിവത്കരിച്ച തസ്തികയില്‍ പ്രവാസി ജോലി ചെയ്യന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് 1,000 റിയാല്‍ പിഴ അടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുമെന്ന് മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. തൊഴില്‍ നിയമലംഘന കുറ്റങ്ങളില്‍ നിയമനടപടികള്‍ തുടരാതിരിക്കാനും ഒത്തുതീര്‍പ്പ് സാധ്യമാക്കാനുമുള്ള മന്ത്രിതല പരിഹാരങ്ങളും തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
നിയമലംഘകന്റെ അഭ്യര്‍ഥന പ്രകാരം ഒത്തുതീര്‍പ്പ് അനുവദിക്കാവുന്നതും നിയമനടപടി തുടരാതിരിക്കുന്നതുമാണ്. ഇതിനായി, കുറ്റത്തിന് ലഭിക്കുന്ന പരമാവധി പിഴയുടെ കാല്‍ഭാഗം പിഴ നിയമലംഘകന്‍ അടയ്ക്കണം. അഭ്യര്‍ഥന അംഗീകരിച്ചാല്‍, ഒത്തുതീര്‍പ്പിനുള്ള പിഴ 15 ദിവസത്തിനുള്ളില്‍ അടയ്ക്കണം. അഭ്യര്‍ഥന അംഗീകരിച്ച അന്ന് മുതലാണ് ഈ സമയപരിധിയുണ്ടാകുക. പണം അടച്ചില്ലെങ്കില്‍ ഒത്തുതീര്‍പ്പ് ഒഴിവാക്കും.
നിശ്ചിത ഫോമിലാണ് ഒത്തുതീര്‍പ്പ് അഭ്യര്‍ഥന തയാറാക്കേണ്ടത്. സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ തീരുമാനം കൈക്കൊള്ളും. ഈ സമയത്തിനകം പ്രതികരണം ലഭിച്ചില്ലെങ്കില്‍ അഭ്യര്‍ഥന തള്ളിയതായി കണക്കാക്കണം. തൊഴില്‍ നിയമത്തിന്റെ 143–ാം അനുച്ഛേദം ഒന്നാം വ്യവസ്ഥ പ്രകാരമുള്ള ഇരട്ട പിഴ ലഭിക്കുന്ന കുറ്റങ്ങളിലാണ് അഭ്യര്‍ഥനയെങ്കില്‍, നിയമലംഘകന്‍ ആയിരം ഒമാന്‍ റിയാല്‍ പിഴ അടയ്ക്കണം.
തൊഴില്‍ ലംഘനം രേഖപ്പെടുത്തി ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഒത്തുതീര്‍പ്പ് നടക്കും. ചിലപ്പോള്‍ തൊഴില്‍ മന്ത്രാലയം ഏഴ് ദിവസം കൂടി നീട്ടിനല്‍കും. ഒരിക്കല്‍ മാത്രമാണ് സമയം ദീര്‍ഘിപ്പിക്കുക. ചെയ്ത കുറ്റത്തില്‍ നിന്ന് നിയമലംഘകനെ മോചിപ്പിക്കുന്നതല്ല ഒത്തുതീര്‍പ്പ്. കുറ്റക്കാരന്‍ നിയമലംഘനം ക്രമപ്പെടുത്തുകയും ഒത്തുതീര്‍പ്പ് തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ നിയമബാധ്യത നിറവേറ്റുകയും വേണമെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവുകളില്‍ വ്യക്തമാക്കുന്നു.