ആശുപത്രികളിൽ ഇനി വെറുതെ ഇരിക്കേണ്ട; വായന സൗകര്യമൊരുക്കി ഹമദ് മെഡിക്കൽ കോർപ്പറേഷൻ
Mail This Article
ദോഹ ∙ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മടുപ്പുള്ളവാക്കുന്ന ഒന്നാണ് ആശുപത്രികളിൽ തനിച്ചുള്ള ഇരുത്തം. എന്നാൽ ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ എത്തുന്നവർക്കായി വായനയുടെ പുതിയ അനുഭവം പകർന്ന് ആശുപത്രി ജീവിതവും ആസ്വാദകരമാക്കാനുള്ള ശ്രമത്തിലാണ് ഹമദ് മെഡിക്കൽ കോർപ്പറേഷൻ. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് വായന സൗകര്യമൊരുക്കാൻ ഹമദ് മെഡിക്കൽ കോർപ്പറേഷനും ഖത്തർ സാംസ്കാരിക മന്ത്രാലയവും ധാരണയിലായി. രോഗികൾക്കും രോഗികളുടെ കൂട്ടിരിപ്പുകാരായി എത്തുന്നവർക്കും പുസ്തകങ്ങൾ വിതരണം ചെയ്ത് വായിക്കാൻ പ്രേരണ നൽകിയും, എഴുത്തിന്റെ ലോകത്തേക്ക് നയിക്കുകയുമാണ് മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപ്പറേഷനും തമ്മിൽ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ കീഴിലുള്ള അഞ്ച് ആശുപത്രികളിലെ ലൈബ്രറികൾക്ക് തിരഞ്ഞെടുത്ത പുസ്തകങ്ങൾ വിതരണം ചെയ്യും.
ആരോഗ്യ പരിപാലന മേഖലയിൽ വായനാ സംസ്കാരം പ്രോത്സാഹിപ്പിക്കാനുള്ള സാംസ്‌കാരിക മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സ്ഥാപനവുമായുള്ള മന്ത്രാലയത്തിന്റെ സഹകരണത്തെ അഭിനന്ദിക്കുന്നതായും ഖത്തരി പബ്ലിഷേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫോറം അധ്യക്ഷൻ ജാസിം അൽ ബൂഐനൈൻ ഖത്തർ വാർത്താ ഏജൻസിയോട് പറഞ്ഞു. രോഗികളിൽ മാത്രമൊതുങ്ങാതെ ജീവനക്കാരിലേക്കും രോഗികളുടെ കുടുംബങ്ങളിലേക്കും സംരംഭം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമദ് മെഡിക്കൽ കോർപറേഷനുമായി ചേർന്നുള്ള നിരവധി പ്രോഗ്രാമുകൾ സമീപ ഭാവിയിൽ സജീവമാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ ഫോറവുമായുള്ള കരാറിലൂടെ എച്ച്.എം.സിയുടെ അഞ്ച് ആശുപത്രി ലൈബ്രറിലേക്ക് വൈവിധ്യമാർന്ന പുസ്തകങ്ങൾ നൽകാനും, രോഗികൾ, ജീവനക്കാർ എന്നിവർക്കിടയിൽ വായനാ സംസ്‌കാരം വളർത്തിയെടുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പേഷ്യന്റ് എക്‌സ്പീരിയൻസ് മേധാവിയും ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നാസർ അൽ നഈമി പറഞ്ഞു.