ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഏർപ്പെടുത്തിയ ഇൻഷുറൻസ് വൻ ഹിറ്റ്; കുറഞ്ഞ പ്രീമിയം, 5500 പേർ അംഗങ്ങൾ
Mail This Article
ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള ബ്ലൂ കോളർ തൊഴിലാളികൾക്കായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഏർപ്പെടുത്തിയ ഇൻഷുറൻസ് വൻ ഹിറ്റ്. ഇതിനകം 5500 തൊഴിലാളികളാണ് ഇൻഷുറൻസിൽ അംഗങ്ങളായത്. ലൈഫ് പ്രൊട്ടക്‌ഷൻ പ്ലാൻ എന്ന പേരിൽ കഴിഞ്ഞ മാർച്ചിലാണ് കോൺസുലേറ്റ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയിൽ അംഗങ്ങളായവർ യുഎഇയിൽ മരിച്ചാൽ ഇൻഷുറൻസ് തുക കുടുംബത്തിനു ലഭിക്കും. സ്വാഭാവിക മരണത്തിനും അപകട മരണത്തിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനു പുറമെയാണ് ഇൻഷുറൻസ് തുക നഷ്ടപരിഹാരമായി കുടുംബത്തിനു ലഭിക്കുന്നത്. ഗർഗാഷ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. യുഎഇയുടെ എംപ്ലോയ്മെന്റ് വീസയുള്ള തൊഴിലാളികൾക്ക് ലോകത്ത് എവിടെയും 24 മണിക്കൂറും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടത്തിൽ പൂർണമായോ ഭാഗികമായ അംഗഭംഗം വന്നാലും പരിരക്ഷയുണ്ട്. മൃതശരീരം നാട്ടിലെത്തിക്കുന്ന ചെലവിലേക്ക് 12000 ദിർഹം ലഭിക്കും. 18 – 70 വയസ്സുവരെയുള്ളവരാണ് ഇൻഷുറൻസിൽ അംഗങ്ങൾ.
ഇൻഷുറൻസ് പ്രീമിയം കുറവാണെന്നതും പദ്ധതിയുടെ ആകർഷണമാണ്. 37 ദിർഹത്തിന്റെ വാർഷിക പ്രീമിയത്തിന് 35,000 ദിർഹമാണ് തിരികെ ലഭിക്കുന്ന തുക. 50 ദിർഹം പ്രീമിയത്തിന് 50,000 ദിർഹവും 72 ദിർഹം പ്രീമിയത്തിന് 75,000 ദിർഹവുമാണ് ഉറപ്പായും ലഭിക്കുന്ന ഇൻഷുറൻസ് തുക. അതേസമയം, തൊഴിലുടമകൾക്കോ കമ്പനികൾക്കോ മാത്രമാണ് ഇൻഷുറൻസ് എടുക്കാനുള്ള അനുമതി. വ്യക്തികൾക്ക് പദ്ധതിയിൽ നേരിട്ടു ചേരാനാകില്ല.