‘ഡ്രൈവർമാര്ക്ക്’ കർശന നിർദേശങ്ങളുമായി സൗദി
Mail This Article
ജിദ്ദ ∙ പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടെ ലക്ഷക്കണക്കിന് കുട്ടികൾ സൗദിയിലെ സ്‌കൂളുകളിലേക്ക് മടങ്ങുമ്പോൾ ഗതാഗത മേഖലയിലെ എല്ലാ ഡ്രൈവർമാരും നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) നിർദ്ദേശിച്ചു.
ഡ്രൈവിങ് പെർമിറ്റ്, സാധുവായ ഡ്രൈവിങ് ലൈസൻസ്, ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന് കാണിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവയ്‌ക്ക് പുറമേ, ഡ്രൈവറുടെ പ്രായം 25 വയസ്സിൽ കുറവായിരിക്കരുത് എന്ന് റെഗുലേറ്ററി ആവശ്യകതകൾ വ്യവസ്ഥ ചെയ്യുന്നു.
ഡ്രൈവർ ഒരു അംഗീകൃത പ്രഥമശുശ്രൂഷ കോഴ്സിന് വിധേയനാകണം, അതോറിറ്റി നടത്തുന്ന മെഡിക്കൽ പരിശോധനയിൽ വിജയിക്കണം, പ്രഫഷനൽ യോഗ്യതാ പരീക്ഷയിൽ വിജയിക്കണം. കൂടാതെ ടിജിഎ വ്യക്തമാക്കിയ ഏതെങ്കിലും ടെസ്റ്റ് അല്ലെങ്കിൽ പരിശീലന കോഴ്സുകൾ എന്നിവയും പാസായിരിക്കണം.
എല്ലാ വിദ്യാഭ്യാസ സ്റ്റാഫുകളും വിദ്യാർഥികളും അവരുടെ സുരക്ഷയ്ക്കും ഗുണനിലവാരവും കാര്യക്ഷമവുമായ ഗതാഗത സേവനങ്ങളുടെ ലഭ്യതയ്ക്കായി നിയമപരമായ ഗതാഗത മാർഗങ്ങളിലൂടെ മാത്രമേ ഇടപഴകാവൂ എന്ന് ഉറപ്പുവരുത്തണമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
ഗതാഗത പ്രവർത്തനത്തിന് ലൈസൻസുള്ളവർ അവരുടെ ഗതാഗതത്തിൽ ഉപയോഗിക്കുന്ന ബസുകൾക്ക് എല്ലാ സാങ്കേതിക ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്തണം. അതിൽ 15 സീറ്റുകളിൽ കൂടുതൽ ശേഷിയുള്ള ബസുകളും 15 സീറ്റിൽ താഴെയുള്ള ബസുകളും ഉൾപ്പെടുന്നു.
ബസിലെ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, വാസൽ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്ന ട്രാക്കിങ് ഉപകരണങ്ങൾ, ബസിനുള്ളിൽ ക്യാമറകളുടെ ലഭ്യത, ബസിന്റെ വശങ്ങളിലും പുറകിലും സൈൻ ബോർഡിന്റെ ലഭ്യത എന്നിവയും ഉൾപ്പെടുന്നു. വിദ്യാഭ്യാസ ഗതാഗതത്തിനായി നിയോഗിച്ചിട്ടുള്ള ബസുകളുടെ പരിശോധനാ ടൂറുകൾ ശക്തമാക്കാൻ അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്.