ദുബായിൽ രണ്ട് പുതിയ 'സാലിക് ഗേറ്റുകൾ' വരുന്നു; ദുബായിൽ ട്രാഫിക് നിയന്ത്രിക്കാൻ മൊത്തം 10 ടോൾ ഗേറ്റുകൾ
Mail This Article
ദുബായ് ∙ ദുബായിൽ രണ്ട് ടോൾ ഗേറ്റുകൾ (സാലിക്) കൂടി വരുന്നതായി റിപോർട്ട്. അൽ ഖായിൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മു അൽ ഷീഫ് സ്ട്രീറ്റിനുമിടയിലെ ഷെയ്ഖ് സായിദ് റോഡിലെ അൽ സഫാ സൗത്തിലുമാണ് പുതിയ ഗേറ്റുകൾ വരുന്നത്. ഇതോടെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി മാറും. രണ്ടിടത്തേയും ഗേറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഈ വർഷം നവംബർ അവസാനത്തോടെയായിരിക്കും ഗേറ്റുകൾ പ്രവർത്തന സജ്ജമാകുകയെന്നാണ് കരുതുന്നത്.
പുതിയ സാലിക് ഗേറ്റുകൾ പ്രധാന റോഡുകളിലെ തിരക്ക് 42% വരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, പുതിയ സാലിക് ഗേറ്റുകളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇതിനിടെ, ടോൾഗേറ്റ് ഓപറേറ്ററായ സാലിക് കമ്പനി ഡയറക്ടർ ബോർഡ് 2024 ലെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. നികുതിക്ക് ശേഷമുള്ള അറ്റാദായമാണ് പുറത്തുവിട്ടത്. സാലിക് വളരെ മികച്ച സാമ്പത്തിക പ്രകടനം നടത്തിയതായും 238.5 ദശലക്ഷം വരുമാനം ഉണ്ടാക്കിയതായും അറിയിച്ചു. ഇത് വർഷം തോറും 4.9 ശതമാനം വർധിച്ച് ആകെ വരുമാനം 1.1 ബില്യൻ ദിർഹമായി രേഖപ്പെടുത്തി.
ടോൾ ഉപയോഗത്തിൽ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിൻ്റെ 87.1 ശതമാനമാണ്. ഈ വർഷം 4.9 ശതമാനം ഉയർന്ന് 953.8 ദശലക്ഷം ദിർഹമായി. അതേസമയം, ശക്തമായ സാമ്പത്തിക ഫലങ്ങൾ കണക്കിലെടുത്ത് കമ്പനിയുടെ ഡയറക്ടർ ബോർഡ് 544.8 ദശലക്ഷം ദിർഹം ഇടക്കാല ഡിവിഡന്റ് വിതരണത്തിന് അംഗീകാരം നൽകി. ഇത് ഒരു ഓഹരിക്ക് 7.263 ഫിൽസിന് തുല്യമാണ്.
മൊബിലിറ്റി സൊല്യൂഷനുകളിൽ ആഗോള നേതാവാകാനുള്ള അതിന്റെ അഭിലാഷം ഉയർത്തിക്കാട്ടി 2024 ആദ്യ പകുതിയിൽ കമ്പനിയുടെ ശക്തമായ വരുമാന വളർച്ച 5.6% കൈവരിച്ചതിൽ ആർടിഎ ചെയർമാൻ മത്താർ അൽ തായർ സംതൃപ്തി രേഖപ്പെടുത്തി. സാലിക്കിന്റെ 2024 ആദ്യ പാദത്തിലെ മികച്ച പ്രകടനം കൂടുതൽ മുന്നോട്ടുപോകാനുള്ള പ്രചോദനം നൽകുന്നു. ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം രാജ്യാന്തര സന്ദർശകരെയും താമസക്കാരെയും ബിസിനസുകാരെയും ആകർഷിക്കുന്നത് തുടരുന്നു. ഇത് ആഗോളതലത്തിൽ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന നഗരങ്ങളിലൊന്നായി ദുബായെ മാറ്റുന്നുവെന്ന് സാലിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് അഭിപ്രായപ്പെട്ടു.