ADVERTISEMENT

ദുബായ്∙ അവയവദാന നയത്തിൽ മാറ്റം വരുത്തിയതോടെ രാജ്യത്ത് അവയവദാതാക്കളുടെ എണ്ണത്തിൽ വൻ വർധന. അവയവദാനത്തിനുള്ള ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രാലയത്തിന്റെ ഹയാത്ത് പദ്ധതിയിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 26,825 പേർ. 

ശസ്ത്രക്രിയ, ദാനമായി ലഭിച്ച അവയവത്തിന്റെ സൂക്ഷിപ്പ് ഉൾപ്പെടെ അവയവ മാറ്റവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും യുഎഇ മുന്നേറ്റമുണ്ടാക്കിയതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.മുഹമ്മദ് സലീം അൽ ഉലമാ അറിയിച്ചു. 

വേൾഡ് ഓർഗൻ ഡൊണേഷൻ അസോസിയേഷന്റെ കണക്ക് അനുസരിച്ച് 4 വർഷത്തിനിടെ അവയവദാനത്തിന്റെയും ശസ്ത്രക്രിയകളുടെയും എണ്ണത്തിൽ രാജ്യം ഒന്നാം സ്ഥാനത്താണ്. 417 ശതമാനമാണ് വർധന. 

രാജ്യത്തെ ആരോഗ്യ സംവിധാനത്തെ സഹായിക്കാൻ 2020ൽ ആരോഗ്യ മന്ത്രാലയം അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു. 21 വയസ്സ് തികഞ്ഞ ഒരാൾക്ക് അവയവദാനത്തിന് താൽപര്യം പ്രകടിപ്പിക്കാനും വിവരശേഖരണത്തിനും 'ഹയാത്ത്' പദ്ധതിയിലൂടെ ഇപ്പോൾ സാധിക്കും.  ഇതുവഴി നൂറുകണക്കിനു രോഗികളെ പുതുജീവിതത്തിലേക്ക് നയിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

 2017ൽ ആരംഭിച്ച ദേശീയ പദ്ധതി വഴി ഇതുവരെ 958 അവയവമാറ്റ ശസ്ത്രക്രിയകൾ പൂർത്തിയാക്കി. ഇതിൽ ഈ വർഷം മാത്രം 153 ശസ്ത്രക്രിയകൾ നടന്നു. 255 പേർ അവയവങ്ങൾ ദാനം ചെയ്തു. പ്രത്യാശ നൽകുന്ന മാറ്റമാണിതെന്നും ഡോ. മുഹമ്മദ് പറഞ്ഞു. യുഎഇയിൽ നാലായിരത്തിലധികം രോഗികൾ അവയവദാതാക്കളെ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് അവയവ മാറ്റ ശസ്ത്രക്രിയകൾ നടത്തുന്നത്. 

ഇതിനായി പ്രത്യേക സ്ഥാപനവും സംവിധാനങ്ങളുമുണ്ട്. സ്വദേശി സമൂഹത്തിൽ അവയവദാന സംസ്കാരം വളരുന്നത് വലിയ മാറ്റത്തിന്റെ സൂചനയാണ്. അവയവദാനം രോഗിയിലും അവരുടെ കുടുംബങ്ങളിലും ഉണ്ടാക്കുന്ന ആശ്വാസവും സന്തോഷവും ജനങ്ങളെ ബോധ്യപ്പെടുത്താനും ഓരോ മനുഷ്യന്റെയും ധർമ്മമാണെന്ന് ഓർമിപ്പിക്കാനുമുള്ള പ്രചാരണ പരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

26,825 registered with Hayat; UAE tops in organ donation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com