ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
Mail This Article
ജിദ്ദ∙ ഇന്ത്യയുടെ 78-മത് സ്വാതന്ത്ര്യദിനം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായി ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ രാവിലെ 7.15ന് പുതിയ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ദേശീയ പതാക ഉയര്‍ത്തി. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പഹാരം സമർപ്പിച്ചു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു.
ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂൾ വിദ്യാർഥിനികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഇതര രാജ്യങ്ങളുടെ കോൺസൽമാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ, സാമൂഹിക,ജീവകാരുണ്യ പ്രവർത്തകർ, വനിതകളും കുട്ടികളുമുൾപ്പെടെ പ്രവാസി ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേരും ആഘോഷത്തിന്‍റെ ഭാഗമാകാൻ എത്തിച്ചേർന്നിരുന്നു.
രാഷ്ട്ര വിഭജനം മൂലം ജീവൻ നഷ്ടപ്പെട്ടവർക്കും, കുടിയിറക്കപ്പെട്ടവർക്കുമായി ജിദ്ദയിലെ ഇന്ത്യൻ സമൂഹവുമായി ചേർന്ന് അനുസ്മരണ ദിനം ആചരണവും കോണസുലേറ്റിൽ സംഘടിപ്പിച്ചിരുന്നു. വിഭജന കാലത്തെക്കുറിച്ചുള്ള ചിത്രപ്രദർശനം വീക്ഷിക്കാനും ഇന്ത്യൻ സമൂഹത്തിൽ നിന്നും നിരവധി പേർ എത്തിയിരുന്നു.