മൂന്നു കോടി റിയാൽ കൈക്കൂലി; സൗദിയിൽ റിട്ട. കേണലും വനിത ഉൾപ്പെടെ 3 വിദേശികളും അറസ്റ്റിൽ
Mail This Article
ജിദ്ദ ∙ കൈക്കൂലി, നിക്ഷേപ തട്ടിപ്പ് കേസില്‍ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് വിരമിച്ച കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും യെമനി യുവതി അടക്കം മൂന്നു വിദേശികളെയും അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. വ്യവസായിയുമായി ബന്ധപ്പെട്ട് ഓവര്‍സൈറ്റ് ആൻഡ് ആന്റി-കറപ്ഷന്‍ അതോറിറ്റി പരിശോധിക്കുന്ന അഴിമതി കേസ് അന്വേഷണം മരവിപ്പിക്കാനെന്ന് വാദിച്ച് പത്തു കോടി റിയാല്‍ കൈക്കൂലി ആവശ്യപ്പെട്ട റിട്ട. കേണല്‍ സഅദ് ബിന്‍ ഇബ്രാഹിം അല്‍യൂസുഫ് ആണ് അറസ്റ്റിലായത്. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയിലെ ആദ്യ ഗഢുവായി മൂന്നു കോടി റിയാലിന്റെ ചെക്ക് കൈപ്പറ്റുന്നതിനിടെയാണ് ഇദ്ദേഹത്തെ ഓവര്‍സൈറ്റ് ആൻഡ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറസ്റ്റ് ചെയ്തത്. സര്‍വീസിലിരുന്ന കാലത്ത് ലഭിച്ച വിവരങ്ങള്‍ ദുരുപയോഗിച്ചാണ് അഴിമതി കേസ് അന്വേഷണം മരവിപ്പിക്കാനെന്ന് വാദിച്ച് വ്യവസായിയോട് റിട്ട. കേണല്‍ പത്തു കോടി റിയാല്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
ഒരു ഗള്‍ഫ് രാജ്യത്തെ രാജകുടുംബാംഗമാണെന്നും സൗദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥയാണെന്നും വാദിച്ച യെമനി യുവതി ആമിന മുഹമ്മദ് അലി അബ്ദുല്ലയുടെ സഹായത്തോടെയാണ് റിട്ട. കേണല്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടത്. തങ്ങള്‍ അവകാശപ്പെടുന്നത് സത്യമാണെന്ന് വ്യവസായിയെ വിശ്വസിപ്പിക്കാന്‍ യെമനി യുവതി രാജകല്പന അടങ്ങിയ കത്ത് വ്യാജമായി ഉണ്ടാക്കിയിരുന്നു. സൗദിയില്‍ നിയമാനുസൃത ഇഖാമയില്‍ കഴിയുന്ന സിറിയക്കാരനായ മുഹമ്മദ് സലീം അത്ഫ, സുഡാനി ആദില്‍ നജ്മുദ്ദീന് എന്നിവരുടെ സഹായത്തോടെ റിട്ട. കേണലും യെമനി വനിതയും ചേര്‍ന്ന് ഉയര്‍ന്ന ലാഭം ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപിക്കാനെന്ന് അവകാശപ്പെട്ട് സൗദി പൗരന്മാരില് നിന്ന് എട്ടു കോടി റിയാല്‍ സമാഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പ്രതികള്‍ സൗദിയിലും വിദേശത്തും റിയല്‍ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുകയും വിലപിടിച്ച വസ്തുക്കള്‍ വാങ്ങി വിദേശത്തേക്ക് കടത്തുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഓവര്‍സൈറ്റ് ആൻഡ് ആന്റി-കറപ്ഷന്‍ അതോറിറ്റി പറഞ്ഞു.