മുംബൈയിലേക്ക് അടുത്തമാസം മുതൽ സർവീസിന് ഇത്തിഹാദ്; ആഴ്ചയിൽ 3 തവണ
Mail This Article
അബുദാബി ∙ ഇത്തിഹാദിന്റെ ഡബിൾ ഡെക്കർ വിമാനം എ380 4 മാസം മുംബൈയിലേക്ക് സ്പെഷൽ സർവീസ് നടത്തും. ഇത്തിഹാദിന്റെ 20ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31വരെ ആഴ്ചയിൽ 3 തവണ അബുദാബി – മുംബൈ റൂട്ടിലാണ് വിമാനം സർവീസ് നടത്തുക.
ഇത്തിഹാദിന്റെ ആദ്യ ഡബിൾ ഡെക്കർ സർവീസാണിത്. എമിറേറ്റ്സ് ബെംഗളൂരുവിലേക്ക് ഡബിൾ ഡെക്കർ സർവീസ് നടത്തുന്നുണ്ട്. മുകൾ നിലയിലെ ബിസിനസ് സ്റ്റുഡിയോസിൽ 70 പ്രൈവറ്റ് സ്വീറ്റുകളുണ്ട്. വൈഫൈ സൗകര്യം, ലോബി ലൗഞ്ച് ഏരിയയും മുകൾ നിലയിലുണ്ട്.
ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് ഷവർ റൂമും ലഭിക്കും. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് വെരി ലാർജ് വിഹിക്കിൾ (വിഎൽവി) വിഭാഗത്തിൽ ഉൾപ്പെടുന്ന ഡബിൾ ഡെക്കർ വിമാനങ്ങൾ ഇറക്കാൻ അനുമതി. 4 മാസ യാത്രയുടെ ഭാഗമായി പ്രത്യേക ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി – മുംബൈ ഫസ്റ്റ് ക്ലാസ് നിരക്ക് 8380 ദിർഹമാണ്. മടക്കയാത്രയ്ക്ക് നിരക്ക് 8329. ബിസിനസ് ക്ലാസിൽ 2380 ദിർഹത്തിന് ടിക്കറ്റ് ലഭിക്കും. മടക്ക യാത്രയ്ക്ക് 2200. ഓഫർ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ ഈ മാസം 25ന് അകം ബുക്ക് ചെയ്യണം. സെപ്റ്റംബർ ഒന്നിനും ഒക്ടോബർ 13നും ഇടയിൽ യാത്ര ചെയ്യാം. ഇത്തിഹാദ് അടുത്ത കാലത്തായി ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ ഹിന്ദി വെബ്സൈറ്റുകൾ ഉൾപ്പെടുത്തിയിരുന്നു.