ADVERTISEMENT

മസ്‌കത്ത് ∙  ആടു ജീവിതം സിനിമയുടെ പുരസ്‌കാര നേട്ടങ്ങളില്‍ സന്തോഷം പങ്കുവച്ച് ചിത്രത്തില്‍ അര്‍ബാബ് ആയി വേഷമിട്ട ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷി. ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടാന്‍ സാധിച്ചതില്‍ താന്‍ വളരെ ആഹ്ലാദത്തിലാണെന്നും സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും അല്‍ ബലൂഷി പ്രതികരിച്ചു.

ചിത്രത്തില്‍ അവസരം നല്‍കിയ ബ്ലെസിയോട് പ്രത്യേകം നന്ദി പറയുന്നു. എന്റെ പ്രകടനം എല്ലാവര്‍ക്കും ഇഷ്ടാമയെന്ന് മനസ്സിലാക്കുന്നു. ചെയ്ത കഥാപാത്രത്തെ പ്രേക്ഷകര്‍ വെറുക്കുന്നുവെന്നത് തന്റെ വിജയമാണെന്നും ഡോ. താലിബ് അല്‍ ബലൂഷി പറഞ്ഞു.

talib-al-balushi-in-aadujeevitham

അതേസമയം, അടുത്തിടെ ഒടിടിയില്‍ കൂടി ആടു ജിവിതം റിലീസ് ചെയ്തതോടെ നിരവധി ഒമാനികളും അറബ് പ്രേക്ഷകരുമാണ് താലിബ് അല്‍ ബലൂഷിയുടയുടെ പ്രകടനത്തെയും സിനിമയെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. ചിത്രത്തെ ചിത്രമായി കാണണമെന്നും മികച്ച രൂപത്തില്‍ ചിത്രം ഒരുക്കിയതായും  അഭിപ്രായപ്പെട്ട് നിരവധി അറബ് സിനിമാ പ്രേമികള്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശം പങ്കുവച്ചിരുന്നു.

മലയാളി പ്രവാസി അനുഭവിച്ച സമാനതകളില്ലാത്ത തീരാദുരിതത്തിന്റെ കഥ പറഞ്ഞ ബെന്യാമിന്റെ ആടു ജീവിതം സിനിമയില്‍,നജീബിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ അര്‍ബാബായി വില്ലന്‍ വേഷത്തിലാണ് ത്വാലിബ് എത്തിയത്. ത്വാലിബിന്റെ രണ്ടാം മലയാള ചിത്രമായിരുന്നു ആടുജീവിതം. ഇത്തരമൊരു വമ്പന്‍ രാജ്യാന്തര സിനിമയില്‍ അഭിനയിച്ച ആദ്യ ഒമാനി കൂടിയാണ്. അഭിനയത്തിന് പുറമെ സംവിധാനവും തിരക്കഥയും ത്വാലിബിന് വഴങ്ങും. ഏറെ കാലമായി സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് ത്വാലിബ്. ഒമാനിലെത്തിയ ബ്ലെസ്സിയാണ് ത്വാലിബിനെ സിനിമയിലേക്ക് ക്ഷണിച്ചത്. ബ്ലെസ്സിയുടെ കേരളത്തിലെ വീട്ടില്‍ നിരവധി തവണ പോയ ത്വാലിബ്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണിപ്പോള്‍. 

സിനിമാ റിലീസിന്റെ ആദ്യ ഘട്ടത്തില്‍ ഒമാനില്‍ പ്രദര്‍ശന അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍, ഡോ. താലിബ് അല്‍ ബലൂഷിയുടെ ഉള്‍പ്പെടെ ഇടപെടലിന്റെ ഫലമായി സിനിമ ഒമാനിലും പ്രദര്‍ശിപ്പിക്കുകയും മലയാളികളും സ്വദേശികളും ഉള്‍പ്പെടെ ചിത്രത്തെ ആവേശപൂര്‍വ്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായി ഒമാനിലെത്തിയ ബ്ലെസി ആടു ജീവിതം ഒമാനില്‍ ചിത്രീകരിക്കാന്‍ നടത്തിയ ശ്രമങ്ങളും അത് നടക്കാതെവന്നതിന് പിന്നിലെ കാരണങ്ങളും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

English Summary:

Omani actor Talib al balushi Share his Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com