സൗദി അറേബ്യ മങ്കിപോക്സ്-ടൈപ്പ് 1 കേസുകളിൽ നിന്ന് മുക്തമെന്ന് വിഖായ
Mail This Article
ജിദ്ദ∙ സൗദി അറേബ്യയിൽ ഇതുവരെ മങ്കിപോക്സ്-ടൈപ്പ് 1 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി വിഖായ അറിയിച്ചു. ആഗോളതലത്തിൽ മങ്കിപോക്സ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സൗദി ഇക്കാര്യം അറിയച്ചത്. ഈ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് സൗദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദി അറേബ്യയിലെ ആരോഗ്യ സംവിധാനം ഏത് തരത്തിലുള്ള ആരോഗ്യ അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണ്. വൈറസ് വ്യാപനം തടയാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും രാജ്യം സ്വീകരിച്ചിട്ടുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാൻ നിരവധി ബോധവൽക്കരണ പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്.
അതേസമയം, ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിലവിൽ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, രാജ്യത്തും ജാഗ്രത പാലിക്കുന്നുണ്ട്.