ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരത്തിൽ സൗദിയിലെ സർവകലാശാലകൾ
Mail This Article
റിയാദ് ∙ ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരത്തിൽ സൗദിയിലെ സർവ്വകലാശാലകൾ. 2024 ലെ ലോകോത്തര ഷാങ്ഹായ് റാങ്കിങിൽ ഏറ്റവും മികച്ച ആയിരം സർവ്വകലാശാലകളുടെ പട്ടികയിലാണ് രാജ്യത്തെ 12 സർവ്വകലാശാലകൾ ഇടം പിടിച്ചത്. റാങ്കിങിൽ 90മത് സ്ഥാനത്തുള്ള കിംഗ് സൗദ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഈ ഉയർന്ന റാങ്കിലേക്ക് ഉയർന്നതോടെ വിഷൻ 2030 ലെ ഹ്യൂമൻ കപ്പാസിറ്റി ഡെവലപ്‌മെൻ്റ് പ്രോഗ്രാം ഇൻഡക്‌സിൻ്റെ ലക്ഷ്യം മറികടന്നു.
കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയും കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും 201-300 വരെയും പ്രിൻസസ് നൗറ ബിൻത് അബ്ദുൽറഹ്മാൻ യൂണിവേഴ്സിറ്റി 301-400 വരെയും റാങ്കുകൾ നേടി. കിങ് ഖാലിദ് യൂണിവേഴ്സിറ്റിയും തായിഫ് യൂണിവേഴ്സിറ്റിയും 401-500 റാങ്കുകളിൽ എത്തിയപ്പോൾ പ്രിൻസ് സത്താം ബിൻ അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി 601-700 റാങ്ക് നേടി. കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ്, ഖാസിം യൂണിവേഴ്‌സിറ്റി, ഉമ്മുൽ ഖുറ യൂണിവേഴ്‌സിറ്റി എന്നീ മൂന്ന് യൂണിവേഴ്‌സിറ്റികൾ 701-800 റാങ്ക് കരസ്ഥമാക്കി. കിങ് ഫൈസൽ യൂണിവേഴ്സിറ്റി 801-900 റാങ്കിലും ജിസാൻ യൂണിവേഴ്സിറ്റി 901-1000 റാങ്കിലും എത്തി.
ആഗോള സൂചകങ്ങളിൽ സർവകലാശാലകളുടെ സ്ഥാനങ്ങളുടെ പുരോഗതി രാജ്യത്തിൻ്റെ വിഷൻ 2030 ൻ്റെയും മനുഷ്യ ശേഷി വികസന പരിപാടിയുടെയും തന്ത്രപരമായ ലക്ഷ്യങ്ങൾക്കുള്ളിൽ വരുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രിയും കൗൺസിൽ ഓഫ് യൂണിവേഴ്‌സിറ്റി അഫയേഴ്‌സ് ചെയർമാനുമായ യൂസഫ് ബിൻ അബ്ദുല്ല അൽ-ബുന്യാൻ എടുത്തു പറഞ്ഞു.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെയും കിരീടാവകാശി, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും വിദ്യാഭ്യാസ മേഖലക്കും സർവകലാശാലാ വിദ്യാഭ്യാസ സമ്പ്രദായത്തിനും നൽകുന്ന പരിധിയില്ലാത്ത പിന്തുണയ്ക്ക അദ്ദേഹം അഭിനന്ദിച്ചു. ഷാങ്ഹായ് റാങ്കിങ് ഏറ്റവും പ്രധാനപ്പെട്ട ആഗോള റാങ്കിങ്ങിൽ ഒന്നാണ്.