ഒമാൻ കടലിൽ ഭൂചലനം; പ്രദേശവാസികൾക്ക് പ്രകമ്പനം അനുഭവപ്പെട്ടു
Mail This Article
ദുബായ്∙ ഒമാൻ കടലിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇ നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി സ്‌റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു. യുഎഇ സമയം ഉച്ചയ്ക്ക് 12.14 ന് യുഎഇ–ഒമാൻ അതിർത്തിപ്രദേശമായ ദിബ്ബ തീരത്താണ് ഭൂചലനം രേഖപ്പെടുത്തിയത്.
അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ യുഎഇയിൽ യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന് എൻസിഎം സ്ഥിരീകരിച്ചു. നേരത്തെ ജൂൺ 8 ന് രാത്രി 11.01 ന് മസാഫിയിൽ റിക്ടർ സ്കെയിലിൽ 2.8 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു. മേയ് 29 ന് യുഎഇയിലെ താമസക്കാർക്കും ഒമാൻ കടലിൽ ഉണ്ടായ ചെറിയ ഭൂകമ്പങ്ങളുടെ പ്രകമ്പനം അനുഭവപ്പെട്ടു.
മേയ് 29 ന് പുലർച്ചെ 12.12 ന് റാസൽഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തുടർന്ന് 1.53 ന് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. മേയ് 17ന് യുഎഇയിൽ 1.9 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായി. വാദി തയ്യിബയ്ക്ക് സമീപമുള്ള ഫുജൈറയിലെ ഒരു പ്രദേശമാണ് അൽ ഹലാഹ്. യുഎഇ ഇടയ്‌ക്കിടെ ഭൂചലനങ്ങളുടെ പ്രകമ്പനങ്ങളുണ്ടാകുന്നുണ്ടെങ്കിലും പ്രദേശത്തെ ഭൂകമ്പങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൂകമ്പശാസ്ത്ര വിദഗ്ധർ ഉറപ്പ് നൽകുന്നു.