വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിന് അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ; നടപടിയുമായി സൗദി
Mail This Article
റിയാദ്∙ വളർത്തുമൃഗങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നതിന് എന്ന പേരിൽ നിരവധി അനധികൃത സ്ഥാപനങ്ങൾ റിയാദിൽ പ്രവർത്തിക്കുന്നതായിപരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുക, മൃഗങ്ങളെ പീഡിപ്പിക്കുക, വൃത്തിഹീനമായ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ ഈ സ്ഥാപനങ്ങളിൽ നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയിൽ 130-ലധികം വളർത്തുമൃഗങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരിക്കുന്നതും കാലഹരണപ്പെട്ടതും കൊള്ളാത്തതുമായ മരുന്നുകൾ മൃഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. മൃഗങ്ങൾക്ക് മതിയായ ഭക്ഷണവും വെറ്റിനറി പരിചരണവും ലഭിക്കാത്ത അവസ്ഥയായിരുന്നു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ അനിമൽ വെൽഫെയർ സിസ്റ്റത്തിന്‍റെയും എക്‌സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായി, മൃഗസംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ശ്രമത്തിലാണ് ഈ ബോധവൽക്കരണ പരിശോധന നടത്തി വരുന്നതെന്ന് റിയാദ് എൻവയോൺമെന്‍റ് വിഭാഗം ചൂണ്ടിക്കാട്ടി.
ഇത്തരം ലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവർക്കെതിരെ കാർഷിക സമ്പ്രദായത്തിൽ അനുശാസിക്കുന്ന കർശനമായ ശിക്ഷകൾ പ്രയോഗിക്കാൻ മന്ത്രാലയം മടിക്കില്ലെന്നും കാർഷിക വ്യവസ്ഥയ്ക്കും മൃഗസംരക്ഷണത്തിനും എതിരായ ലംഘനങ്ങൾ മന്ത്രാലയത്തെ 939 എന്ന നമ്പറിൽ ഏകീകൃത കോൾ സെന്‍ററിൽ വിളിച്ച് അറിയിക്കാനും എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.