ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന മലയാളിയെ പിടികൂടി ഇമിഗ്രേഷൻ ബ്യൂറോ
Mail This Article
ആറ്റിങ്ങൽ ∙ ആലംകോട് സ്വദേശിയായ ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നയാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. പെരിങ്ങമല എൻടി ബംഗ്ലാവിൽ ഷജിൻ സിദ്ദീഖ് (33) ആണ് പിടിയിലായത്.
വിവാഹിതനായ ഷജിൻ അവിവാഹിതനാണെന്നു തെറ്റിധരിപ്പിച്ചാണ് കഴക്കൂട്ടത്ത് പഠിക്കുകയായിരുന്ന പെൺകുട്ടിയോട് അടുത്തത്. 2022 സെപ്റ്റംബറിൽ ആണ് യുവതിയെ പലവട്ടം പീഡനത്തിനിരയാക്കിയത്. ഇവരിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും പ്രതി കൈക്കലാക്കി. പിന്നീട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
2023 ജനുവരിയിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിദേശത്തേക്ക് കടന്ന പ്രതി തിരികെ എത്തുന്ന വിവരം അറിഞ്ഞ് കൊച്ചി വിമാനത്താവളത്തിൽ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്ഐമാരായ എസ്. സജിത്ത്, എം.എസ്.ജിഷ്ണു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.