ADVERTISEMENT

ദുബായ് ∙ സീസണിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലേക്ക് കടന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം. മധ്യവേനൽ അവധിക്കു ശേഷം യാത്രക്കാരുടെ മടങ്ങി വരവ് തുടങ്ങിയതോടെ പ്രതിദിനം 2.64 ലക്ഷം യാത്രക്കാരെയാണ് വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. 

അടുത്ത 13 ദിവസത്തിനുള്ളിൽ 34.3 ലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളത്തിൽ എത്തും. 31നും സെപ്റ്റംബർ ഒന്നിനുമായി 5 ലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടി വരുമെന്നാണ് എയർ പോർട്ടിന്റെ കണക്കുകൂട്ടൽ. ഇതിനായി പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയായി. 

കഴിയുന്നതും ആളുകളെ സ്മാർട് ഗേറ്റിലൂടെ പുറത്തു വിടാൻ കഴിയുമെന്നതിനാൽ, ഇമിഗ്രേഷൻ കൗണ്ടറുകളിലെ ദീർഘമായ കാത്തുനിൽപ് ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബർ ഒന്നിനു മാത്രം 2.91 ലക്ഷം യാത്രക്കാരാണ് എത്തുന്നത്. സീസണിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും സെപ്റ്റംബർ ഒന്ന്. കഴിഞ്ഞ 6 മാസത്തിനിടെ ദുബായ് വിമാനത്താവളം സ്വീകരിച്ചത് 4.49 കോടി യാത്രക്കാരെയാണ്. യാത്രക്കാരുടെ എണ്ണത്തിൽ 8% വർധനയാണ് അർധ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. വിമാനത്താവളത്തിൽ നിന്നു പുറത്തേക്കുള്ള വഴികളിൽ തിരക്ക് അനുഭവപ്പെടും. 

മെട്രോ സർവീസുകൾ ആശ്രയിക്കുന്നവർക്ക് ഗതാഗതക്കുരുക്കിൽ പെടാതെ വീടുകളിൽ എത്താം എന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങളിൽ പോയി കൂട്ടിക്കൊണ്ടു വരാനുള്ള സൗകര്യം ടെർമിനൽ രണ്ടിൽ മാത്രമാണുള്ളത്. ഒന്നിലും മൂന്നിലും പാർക്കിങ് കേന്ദ്രങ്ങളിൽ വണ്ടിയിട്ട ശേഷം വേണം അതിഥികളെ സ്വീകരിക്കാൻ.

English Summary:

Dubai Airport Expects 3.4 Million Passengers over Next 13 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com