ബിനൗസ് ക്ലാസിക് ബോഡിബിൽഡിങ് ചാംപ്യൻഷിപ്പ് സെപ്റ്റംബറിൽ നടക്കും
Mail This Article
ദുബായ് ∙ ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബിനൗസ് ക്ലാസിക് ബോഡിബിൽഡിങ് ചാംപ്യൻഷിപ്പിന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ 7, 8 തീയതികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. കായിക മത്സരങ്ങളും പ്രദർശനവും ഉൾപ്പെടുന്ന പരിപാടിയിൽ ആകെ 700 പുരുഷ-വനിത കളിക്കാർ പങ്കെടുക്കും. 12 ലക്ഷം ദിർഹമാണ് ക്യാഷ് പ്രൈസ്.
ഫെഡറേഷൻ ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഷർഖിയുടെ സാന്നിധ്യത്തിൽ ദുബായ് സ്‌പോർട്‌സ് കൗൺസിലിൽ നടന്ന വാർത്ത സമ്മേളനത്തിൽ എമിറേറ്റ്‌സ് ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്‌നസ് ഫെഡറേഷൻ പ്രതിനിധികൾ ദ്വിദിന പരിപാടിയെക്കുറിച്ച് വിശദീകരിച്ചു; ദുബായ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹാരിബ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാഹിർ അബ്ദുൾകരീം ജുൽഫർ എന്നിവർ പങ്കെടുത്തു.
ഫെഡറേഷന്റെ മേൽനോട്ടത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചാംപ്യൻഷിപ്പുകളിൽ ഒന്നാണ് ബിനൗസ് ക്ലാസിക് ചാംപ്യൻഷിപ്പെന്ന് അബ്ദുല്ല അൽ ഷർഖി പറഞ്ഞു. ലോകത്തെങ്ങുനിന്നുമുള്ള കായികതാരങ്ങളെയും കായിക പ്രേമികളെയും കാണികളെയും ഒരുമിച്ച് കൊണ്ടുവരാൻ ഈ പരിപാടി ലക്ഷ്യമിടുന്നു.