സമാപനം കേമമാക്കാൻ ഹാസ്യ, സംഗീത പരിപാടികളുമായി സമ്മർ സർപ്രൈസ്
Mail This Article
ദുബായ് ∙ സമ്മർ സർപ്രൈസ് സമാപനം ആഘോഷമാക്കാൻ സംഗീത പ്രതിഭകളും ഹാസ്യകലാകാരന്മാരും എത്തുന്നു. കോക്ക കോള അരീന, ദുബായ് ഓപ്പറ, സബീൽ തിയറ്റർ എന്നിവിടങ്ങളിലാണ് പ്രധാന കലാവിരുന്നുകൾ. ബ്രിട്ടിഷ് ഗായികയും ഗാനരചയിതാവുമായ ആഡെലിന് ആദരവായി 24ന് വൈകിട്ട് റാഫിൾസ് ദ് പാം ദുബായിൽ, സ്ട്രിങ് ക്വാർട്ടറ്റിലെ കലാകാരന്മാർ സംഗീതാർച്ചന നടത്തും.
ആയിരക്കണക്കിനു മെഴുകുതിരികളുടെ വെളിച്ചത്തിലാണ് പരിപാടി. കാൻഡിൽ ലൈറ്റ് കൺസേർട്ട് പരമ്പരയുടെ ഭാഗമായാണ് ‘കാൻഡിൽ ലൈറ്റ് എ ട്രിബ്യൂട്ട് ടു ആഡൽ’ സംഘടിപ്പിക്കുന്നത്. 29ന് വൈകിട്ട് ഇറാനിയൻ പോപ് ഗായകൻ റെസ സദേഗി സബീൽ തിയറ്ററിൽ സംഗീത പരിപാടി അവതരിപ്പിക്കും.
31ന് കോക്കകോള അരീനയിൽ പിന്നണി ഗായകൻ ഷാൻ ബോളിവുഡ് മെലഡികളുമായി എത്തും. ഫിലിപ്പീനോ ബാൻഡ് പറോക്യ നി എഡ്ഗർ സെപ്റ്റംബർ ഒന്നിന് കോക്കകോള അരീനയിൽ സംഗീതസന്ധ്യ നടത്തും. ദ് ലാഫ്റ്റർ ഫാക്ടറിയാണ് ഹാസ്യ പരിപാടികളുമായി എത്തുന്നത്. പ്രസിദ്ധ ഹാസ്യ കലാകാരന്മാരായ ജോൺ ഫോതർഗിൽ, നിക്കോ ഇയർവുഡ്, മിഖ്ദാദ് ദോലവാല എന്നിവർ പരിപാടി അവതരിപ്പിക്കും.
നാളെ ദമാക്ക് ഹിൽസിലെ റാഡിസൺ ഹോട്ടലിലും 24ന് ഡ്യൂക്സ് ദ് പാം, വിന്റേജ് ഗ്രാൻഡ് ഹോട്ടൽ എന്നിവിടങ്ങളിലും ഇവരുടെ പ്രകടനങ്ങൾ ആസ്വദിക്കാം. ഏകാംഗ ഹാസ്യപ്രകടനവുമായാണ് ടോം ആൽബൻ 31ന് വൈകിട്ട് സബീൽ തിയറ്ററിലെത്തുക. ജിസിസിയിലെ ആദ്യ ഫിലിപ്പീനോ ഹാസ്യകലാകാരൻ ഇമാ ദുമാഗെയും അറബ് ഐറിഷ് കലാകാരൻ സഹർ അലിയും ഇതേ വേദിയിൽ പരിപാടികൾ അവതരിപ്പിക്കും. സെപ്റ്റംബർ ഒന്നിന് സബീൽ തിയറ്ററിൽ സുഡാനീസ് കോമഡി നൈറ്റും നടക്കും. ടിക്കറ്റുകൾക്കായി ദുബായ് സമ്മർ സർപ്രൈസ് വെബ്സൈറ്റ് സന്ദർശിക്കാം.